ബാഴ്സലോണ :ഇൗ സീസണിൽ ലാ ലിഗ കിരീടം കൈവിട്ടുകളയേണ്ടിവന്ന ബാഴ്സലോണ ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം ഇന്ന് പുനരാരംഭിക്കുന്നു. ഇന്ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളിയെയാണ് ബാഴ്സ നേരിടുന്നത്. മാർച്ചിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ചെൽസി ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനെ നേരിടും.ആദ്യ പാദത്തിൽ ചെൽസി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു.
ബാഴ്സലോണ Vs നാപ്പോളി
(ഇന്ത്യൻ സമയം രാത്രി 12.30 മുതൽ )
ആദ്യ പാദത്തിൽ സമനിലയായിരുന്നുവെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം ബാഴ്സലോണയ്ക്കുണ്ട്. ഇന്ന് ഗോൾരഹിത സമനില ആയാൽക്കൂടി ബാഴ്സയ്ക്ക് ക്വാർട്ടറിലെത്താനാകും.
ലാ ലിഗയിലെ ടീമിന്റെ പ്രകടനത്തിൽ മെസിയടക്കമുള്ള സൂപ്പർ താരങ്ങൾക്ക് സംതൃപ്തിയുണ്ടായിരുന്നില്ല. കോച്ച് ക്വിക്കേ സെറ്റിയാനെതിരെയാണ് താരങ്ങളുടെ രോഷം
സെറ്റിയാന്റെ നിലനിൽപ്പിന് ചാമ്പ്യൻസ് ലീഗിലെ വിജയം അനിവാര്യമാണ്.ലാ ലിഗയിലെ മാനസിക സ്ഥിതിയിൽ നിന്ന് മാറ്റമുണ്ടായാലേ ബാഴ്സയ്ക്ക് മുന്നേറാൻ കഴിയുകയുള്ളൂ.
ലയണൽ മെസി, ലൂയിസ് സുവാരേസ്, അന്റോയ്ൻ ഗ്രീസ്മാൻ, ജെറാഡ് പിക്വെ,ഇവാൻ റാക്കിടിച്ച് തുടങ്ങിയ വൻ താരനിരയുമായാണ് ബാഴ്സ ഇറങ്ങുന്നത്.
ഇറ്റാലിയൻ സെരി എയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് നാപ്പോളി.കാലിഡോ കൗലിബാലി,ഡ്രീസ് മെർട്ടൻസ്, ലോറൻസോ ഇൻസൈൻ ,ഗോളി ഡേവിഡ് ഒാസ്പിന തുടങ്ങിയവരുടെ കരുത്തിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ ആത്മവീര്യവുമായാണ് നാപ്പോളി ഇറങ്ങുന്നത്.
ചെൽസി Vs ബയേൺ മ്യൂണിക്ക്
(രാത്രി 12.30 മുതൽ )
ജർമ്മൻ ബുണ്ടസ് ലീഗയിൽ ഇത്തവണയും ചാമ്പ്യന്മാരായതിന്റെ ആത്മവീര്യവുമായാണ് ബയേൺ എത്തുന്നത്. ആദ്യ പാദ പ്രീക്വാർട്ടറിൽ ചെൽസിയുടെ തട്ടകത്തിൽ ചെന്നാണ് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് വിജയിച്ചത്.
രണ്ടാം പാദത്തിൽ ഹോം മാച്ചായതിനാൽ തങ്ങൾക്ക് അധികം സമ്മർദ്ദം ഇല്ലെന്ന നിലപാടിലാണ് ബയേൺ. എന്നാൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്നും അവർ പറയുന്നു.
ഇൗ സീസൺ ബുണ്ടസ് ലിഗയിൽ 34 ഗോളുകളുമായി ടോപ് സ്കോററായ പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയാണ് ബയേണിന്റെ തുറുപ്പുചീട്ട്. ലെറോയ് സാനേ, കുടീഞ്ഞോ,തോമസ് മുള്ളർ,സെർജി ഗ്നാബ്രി,മാനുവൽ ന്യൂയർ തുടങ്ങിയവർ ബയേൺ നിരയിലുണ്ട്.
കഴിഞ്ഞ ദിവസംഎഫ്.എ കപ്പിന്റെ ഫൈനലിൽ ആഴ്സനലിനോട് തോറ്റിരുന്ന ചെൽസിക്ക് ആദ്യ പാദത്തിൽ ബയേൺ ഉയർത്തിയിരിക്കുന്ന ഗോൾ കടമ്പ കടക്കുന്നത് അത്ര എളുപ്പമല്ല. മൂന്നു ഗോളുകൾക്ക് മുകളിൽ സ്കോർ ചെയ്യുക എന്നതാണ് ചെൽസിയുടെ ചങ്കിടിപ്പ് ഉയർത്തുന്നത്.
മുൻ താരം ഫ്രാങ്ക് ലമ്പാർഡ് പരിശീലിപ്പിക്കുന്ന ചെൽസി മികച്ച ഫോമിലുള്ള ഒളിവർ ജിറൂദ്, വില്ലെയ്ൻ,ക്രിസ്റ്റ്യൻ പുലിസിച്ച്,ടാമി എബ്രഹാം,കല്ലം ഹഡ്സൺ ഒഡോയ്,കൊവാസിച്ച്,അത്പെല്ലിക്യുവേറ്റ തുടങ്ങിയവരെയാണ് അത്ഭുത വിജയത്തിനായി ആശ്രയിക്കുന്നത്.
ടി വി ലൈവ് : സോണി സിക്സ്,ടെൻ ചാനലുകളിൽ