oxford-covid-19-vaccine-

ന്യൂഡൽഹി : ഓക്സ്ഫ‌ഡ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് 19 വാക്സിന്റെ ഒരു ‌ഡോസിന് താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിൽ 3 ഡോളർ വീതമാകും ഈടാക്കുക എന്ന് റിപ്പോർട്ട്. ഇന്ത്യയിൽ പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് 'കൊവിഷീൽഡ് ' എന്ന പേരിട്ടിരിക്കുന്ന ഓക്സഫഡ് വാക്സിൻ നിർമിക്കുന്നത്. വാക്സിന്റെ ഒരു ഡോസിന് ഇന്ത്യയിൽ ഏകദേശം 225 രൂപ നിരക്കിൽ ഈടാക്കുമെന്നാണ് സൂചന.

അടുത്തിടെയാണ് ഓക്സ്ഫഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താൻ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയത്. ഓക്സഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് - സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനകയും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിന്റെ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണം യു.കെയിലും ബ്രസീലിലും തുടങ്ങിക്കഴിഞ്ഞു. സൗത്ത് ആഫ്രിക്കയിൽ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്.

ഇന്ത്യയിലും മറ്റ് പാവപ്പെട്ട രാജ്യങ്ങളിലേക്കും 100 മില്യൺ ഡോസ് വാക്സിനുകളുടെ ഉത്പാദനവും വിതരണവും ത്വരിതപ്പെടുത്തുന്നതിനായി ഗവി വാക്സിൻ അലയൻസ്,​ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുമായി സുപ്രധാന കരാറിൽ ഒപ്പിട്ടതായി കഴിഞ്ഞ ദിവസം സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

കൊവിഡ് 19നെതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റവും പ്രതീക്ഷാവഹമായ വാക്സിനാണ് ഓക്സ്ഫഡിന്റേത്. വാക്സിൻ മനുഷ്യരിൽ ഫലപ്രദവും സുരക്ഷിതവുമാണെന്നാണ് വിലയിരുത്തൽ. ഓക്സ്ഫഡിന്റേതുൾപ്പെടെ ഇതുവരെ ആറ് കൊവിഡ് വാക്സിനുകൾ അവസാന ഘട്ട പരീക്ഷണങ്ങളിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മോഡേർണ, ബയോൺടെക് - ഫോസുൻ, ബയോൺടെക് - ഫൈസർ, ചൈനീസ് കമ്പനിയായ സിനോഫാമിന്റെ 2 എണ്ണം എന്നിവയാണ് മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിലുള്ള അവസാനഘട്ട പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വാക്സിനുകൾ.