കൊളംബോ: രണ്ടു പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ തുടരുന്ന കുടുംബാധിപത്യം അരക്കെട്ടുറപ്പിച്ച് തിരഞ്ഞെടുപ്പിൽ രാജപക്‌സെ സഹോദരങ്ങൾക്ക് വൻ ഭൂരിപക്ഷത്തോടെ തകർപ്പൻ ജയം. രാജപക്സെ കുടുംബം നയിക്കുന്ന ശ്രീലങ്കൻ പൊതുജന പെരുമുന (എസ്.എൽ.പി.പി) 225 സീറ്റിൽ 145 സീറ്റും നേടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ വിജയിച്ചതായി പ്രസിഡന്റ് ഗോതബയ രാജപക്സെ പ്രഖ്യാപിച്ചു. ആഗസ്റ്റ് 20ന് പുതിയ പാർലിമെന്റ് സമ്മേളിക്കും.
ഗോതബയയുടെ സഹോദരനും കാവൽപ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ വീണ്ടും പ്രധാനമന്ത്രിയായി തുടരും. 2005 മുതൽ 2015വരെ മഹിന്ദ ആയിരുന്നു പ്രസിഡന്റ്.
എസ്.എൽ.പി.പിയുടെ സഖ്യകക്ഷികൾക്കും അഞ്ചു സീറ്റുകൾ ലഭിച്ചു.
തമിഴ് ന്യൂനപക്ഷങ്ങളുടെ പേരിൽ ശ്രീലങ്കയിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിച്ച് തമിഴ് പുലികളെ അടിച്ചമര്‍ത്തിയ രാജപക്‌സെ വിഭാഗത്തിന് ശ്രീലങ്കയിലെ ഭൂരിപക്ഷ വിഭാഗമായ സിംഹള വിഭാഗത്തിനിടെ വലിയ സ്വാധീനമുണ്ട്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ രാജ്യത്തെ 16.2 മില്യൺ വോട്ടർമാരിൽ 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
കനത്ത തിരിച്ചടി
മുൻ പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് (യു.എൻ.പി) തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. ഒറ്റ സീറ്റ് മാത്രമാണ് ലഭിച്ചത്. 40 വർഷം പാർലിമെന്റിൽ വിലസിയ മുൻ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ റെനിൽ വിക്രമസിംഗെ ജീവിതത്തിൽ ആദ്യമായി തോൽവി രുചിച്ചു. ഇനിയൊരു മടങ്ങിവരവില്ലാത്തവിധം ശ്രീലങ്കൻ പാർലിമെന്റ് രാഷ്ട്രീയത്തിൽ നിന്ന് യു.എൻ.പി തൂത്തെറിയപ്പെട്ടു എന്നാണ് വിലയിരുത്തൽ.
യു.എൻ.പി പിളർത്തി, മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന സജിത് പ്രേമദാസ രൂപീകരിച്ച സമാഗി ജന ബലവേഗയയാണ് (എസ്.ജെ.ബി) രണ്ടാം സ്ഥാനത്ത്. 54 സീറ്റുകളാണ് ഇവർക്ക് ലഭിച്ചത്. ന്യൂനപക്ഷമേഖലയിൽ തമിഴ് ദേശീയ സഖ്യത്തിനും തിരിച്ചടി നേരിട്ടു. പത്തു സീറ്റുകൾ മാത്രമാണ് തമിഴ് പാർട്ടികൾക്ക് ലഭിച്ചത്.
പുതിയ സർക്കാർ രൂപീകരിക്കാൻ പാർട്ടി തയ്യാറെടുക്കുകയാണെന്ന് എസ്.എൽ.പി.പി സ്ഥാപകനും ദേശീയ സംഘാടകനുമായ ബേസിൽ രാജപക്സെ പറഞ്ഞു. ഗോതബയയുടെയും മഹീന്ദയുടെയേയും സഹോദരനാണ് ബേസിൽ
അഭിനന്ദിച്ച് മോദി
ശ്രീലങ്കൻ തിരഞ്ഞെടുപ്പ് വിജയത്തിൽ മഹീന്ദ രാജപക്സെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
'ഇന്ത്യയും ശ്രീലങ്കയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ്. മോദിയുമായി ചേർന്ന് പ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നു.'- മഹീന്ദ ട്വീറ്റ് ചെയ്തു.
സമൃദ്ധിയ്ക്കു വേണ്ടിയുള്ള തന്റെ നയം പാർലിമെന്റ് ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-പ്രസിഡന്റ് ഗോതബായ രാജപക്സെ
ലക്ഷ്യം പ്രസിഡന്റിന്റെ അധികാരങ്ങൾ
മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർട്ടിക്ക് ലഭിച്ചതോടെ 2015ൽ ഭരണഘടനാ ഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്റെ അധികാരങ്ങൾ പുനസ്ഥാപിക്കണമെന്ന ഗോതബയ രാജപക്സെയുടെ ലക്ഷ്യം എളുപ്പത്തിൽ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാജ്യത്ത് രാജപക്സെ കുടുംബത്തിന് സ്വാധീനം വർദ്ധിക്കുന്നതോടെ പ്രസിഡന്റിന്റെ ഭരണ കാലാവധി അനിശ്ചിതകാലത്തേയ്ക്ക് നീട്ടിയേക്കുമെന്നും കോടതികളെയും പൊലീസിനെയും തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്നും വിമർശകർ പറയുന്നു.