ജോഹന്നാസ്‌ബർഗ്: ആഫ്രിക്കയിൽ ഭീതി വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ദക്ഷിണാഫ്രിക്കയിൽ മാത്രം 5,38,184 രോഗികളുണ്ട്. കൊവിഡ് വ്യാപനത്തിൽ ലോകത്ത് അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക.എന്നാൽ, ആഫ്രിക്കയിൽ ഇതുവരെ കൊവിഡ് പാരമ്യത്തിൽ എത്തിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ദരിദ്ര രാഷ്ട്രങ്ങൾ ഏറെയുള്ള ആഫ്രിക്കയിൽ കൊവിഡ് രൂക്ഷമാകുന്നത് വൻ പ്രതിസന്ധിയായി മാറുമെന്ന് ആരോഗ്യവിദഗ്ദ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച്, ആരോഗ്യ സംവിധാനങ്ങളുടെ അഭാവവും ആഫ്രിക്കയെ അലട്ടുന്നുണ്ട്.അ തേസമയം, പോളണ്ടിലും ഹോംങ്കോംഗിലും കൊവിഡ് വ്യാപനം ശക്തമാവുകയാണ്. ഹോങ്കോംഗ് ജനതയ്ക്ക് സൗജന്യമായി കൊവിഡ് പരിശോധന നടത്തുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. പോളണ്ടിൽ ഇന്നലെ മാത്രം 809 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം ലോകത്ത് ഏറ്റവും രൂക്ഷമായ രാജ്യങ്ങളിൽ ഒന്നായ റഷ്യയിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന് റിപ്പോർട്ട്.
വാക്സിൻ ആദ്യം വാങ്ങാൻ സ്വിറ്റ്സർലാൻഡ്
അമേരിക്കൻ ബയോടെക് കമ്പനിയായ മൊഡേണ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന വാക്സിൻ ആദ്യം തന്നെ ലഭ്യമാകാൻ കമ്പനിയുമായി സ്വിറ്റ്സർലാൻഡ് കരാർ ഒപ്പിട്ടു. 4.5 ദശലക്ഷം വാക്സിനാണ് സ്വിറ്റ്സർലാൻഡ് വാങ്ങുന്നത്.