തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1251 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗബാധിതരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ഇന്നും ആയിരം കടന്നു. 1061 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 94 പേർക്കും രോഗം സ്ഥിരീകരിച്ചു. 73 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മലപ്പുറം മമ്പറത്ത് ഇമ്പിച്ചിക്കോയ ഹാജി (68), ഇളമക്കര പി.ജി.ബാബു(60), കണ്ണൂർ കൂടാളി സജിത്ത്, ആലപ്പുഴ പൂച്ചക്കൽ സുധീർ(63), തിരുവനന്തപുരം സ്വദേശി ഗോപകുമാരൻ(60) എന്നിവരാണ്. 815 പേർക്ക് ഇന്ന് രോഗമുക്തി നേടി. അഞ്ച് ജില്ലകളിൽ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു. തിരുവനന്തപുരം 289, കാസർഗോഡ്168, കോഴിക്കോട്149, മലപ്പുറം 143,പാലക്കാട് 123. കഴിഞ്ഞ 24 മണിക്കൂറിൽ 27,608 സാമ്പിളുകൾ പരിശോധിച്ചു.