ചെന്നൈ: അടുത്തമാസം യു.എ.ഇയിൽ ആരംഭിക്കുന്ന ഐ.പി.എൽ ക്രിക്കറ്റിന് കേന്ദ്ര സർക്കാരിൽ നിന്ന് തത്വത്തിൽ അനുമതി ലഭിച്ചതായി ബി.സി.സിഐ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം അനുമതി ലഭിക്കും. എട്ടു ടീമുകളും താരങ്ങളെ ക്വാറന്റീൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ഇൗ മാസം 20-ന് ഭൂരിഭാഗം ടീമുകളും യു.എ.ഇയിലേക്ക് യാത്ര തിരിക്കും. 22-നാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിമാനം കയറുക. താരങ്ങളുടെ കുടുംബത്തെ കൂടെ കൂട്ടാതെയാകും യാത്ര. ചാർട്ടേഡ് വിമാനത്തിൽ ദുബായിലേക്ക് പോകുന്ന ചെന്നൈ ടീം ബുർജ് ഖലീഫയ്ക്ക് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുക.
മുംബയ് ഇന്ത്യൻസ് താരങ്ങളെല്ലാം ടീം ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. എല്ലാവരും അവിടെ ക്വാറന്റീനിൽ കഴിയുകയാണ്. ചില ടീമുകൾ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടികളും ആരംഭിച്ചു. ഇരുപത്തിനാല് കളിക്കാരാണ് ഓരോ ടീമിലുമുണ്ടാവുക. സപ്പോർട്ട് സ്റ്റാഫും മെഡിക്കൽ ടീമുമടക്കം അറുപതോളം പേരുണ്ടാകും.