anu

മുംബയ്: ഭോജ്‌പുരി നടി അനുപമ പഥക്കിനെ (40) മുംബയ് ദഹിസറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നടിയുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമായി കത്തിൽ പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. മേയിൽ ഇയാൾ തന്റെ ഇരുചക്ര വാഹനം വാങ്ങിയതായും തിരികെ നൽകാൻ വിസമ്മതിച്ചതായും കുറിപ്പിൽ പറയുന്നു. ഇതുകൂടാതെ, മുംബയിലെ ഒരു നിർമ്മാണ കമ്പനിയിൽ പണം നിക്ഷേപിച്ചതിനെക്കുറിച്ചും പറഞ്ഞ സമയത്ത് അവരത് തിരികെ നൽകിയില്ലെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ താൻ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ മുംബയ് മലാഡ് വെസ്റ്റിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.