ടൊറന്റോ : കൊവിഡ് മനുഷ്യന് മാത്രമല്ല, മൃഗങ്ങൾക്കും ദുരിതകാലമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലേക്ക് മടങ്ങാനാവാതെ കഷ്‌ടത്തിലാണ് എർ ഷൂനും, ഡാ മാവോയും. കാനഡയിലെ കാൽഗറി മൃഗശാലയിലെ രണ്ട് ഭീമൻ പാൻഡകളാണ് ഇരുവരും. ഭീമൻ പാൻഡകളുടെ പ്രധാന ആഹാരമായ മുള കിട്ടാതായതോടെ ഇവരെ ജന്മനാടായ ചൈനയിലേക്ക് തന്നെ മടക്കി അയയ്ക്കാൻ മേയ് മുതൽ ശ്രമം തുടങ്ങിയതാണ് കാൽഗറി മൃഗശാല അധികൃതർ. എന്നാൽ ഇതേവരെ ഇവരെ തിരിച്ച് അയയ്ക്കാൻ മൃഗശാലയ്ക്ക് കഴിഞ്ഞിട്ടില്ല.
സാധാരാണ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന മുളയായിരുന്നു കാൽഗറി മൃഗശാലയിലെ പാൻഡകളുടെ പ്രധാന ആഹാരം. എന്നാൽ കൊവിഡ് 19ന്റെ വരവോടെ വ്യോമഗതാഗതം താറുമാറായതോടെ മുളകളുടെ വരവും നിലച്ചു. ഇപ്പോൾ കാനേഡിയൻ പ്രവിശ്യകളിൽ നിന്നും എത്തിക്കുന്ന പരിമിതമായ അളവിലെ മുളയാണ് ഈ ഭീമൻ പാൻഡകൾക്ക് നൽകുന്നത്.
മേയിലാണ് പാൻഡകളെ തിരിച്ചു കൊടുക്കാൻ ഒരുങ്ങുന്നതായി മൃഗശാല അധികൃതർ അറിയിച്ചത്. എന്നാൽ ചൈനീസ്, കനേഡിയൻ സർക്കാരുമായും മൃഗശാല അധികൃതർ ചർച്ച നടത്തുന്നുണ്ടെങ്കിലും പാൻഡകളെ എത്തിക്കാനുള്ള ഇന്റർനാഷണൽ പെർമിറ്റ് ചൈന ഇതേവരെ നൽകിയിട്ടില്ല. ചൈനീസ് അധികൃതർ തുടർച്ചയായി അനുമതി നിഷേധിക്കുന്നതായും ഇതോടെ രണ്ട് പാൻഡകളുടെയും ആരോഗ്യം അപകടത്തിന്റെ വക്കിലാണെന്നും മൃഗശാല അധികൃതർ പറഞ്ഞു.
നിലവിൽ പാൻഡകൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 2014ലാണ് എർ ഷൂൻ, ഡാ മാവോ എന്നീ പാൻഡകൾ കാനഡയിലെത്തുന്നത്. ചൈനയുമായുള്ള പത്ത് വർഷ കരാർ പ്രകാരം 2023 വരെയാണ് പാൻഡകളെ കാനഡയിൽ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷക്കാലം ഇവർ ടൊറന്റോ മൃഗശാലയിലായിരുന്നു. പിന്നീട് 2018 മാർച്ചിൽ കാൽഗറിയിൽ എത്തിക്കുകയായിരുന്നു.
ദിനംപ്രതി 40 കിലോഗ്രാം മുളയാണ് ഒരു പാൻഡ കഴിക്കുന്നത്. പാൻഡകളുടെ 99 ശതമാനം ആഹാരവും മുളയാണ്. ആൽബർട്ടയിൽ സ്ഥിതി ചെയ്യുന്ന കാൽഗറി മൃഗശാല ഇപ്പോൾ തൊട്ടടുത്ത പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുമാണ് പാൻഡകൾക്ക് ആഹാരത്തിനുള്ള മുള എത്തിക്കുന്നത്. എന്നാൽ സെപ്റ്റംബറോടെ മുളയുടെ വിതരണം നിലയ്ക്കുമെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.