sarfraz-ahmed

മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പ്ളേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന പാക്കിസ്ഥാൻ ടീം മുൻ നായകൻ സർഫ്രാസ് അഹമ്മദിനെ കളിക്കിടയിൽ താരങ്ങൾക്ക് വെള്ളം കൊണ്ടുചെല്ലാനും ഷൂ ചുമക്കാനും നിയോഗിച്ചതിനെച്ചൊല്ലി വിവാദം. മുൻ താരങ്ങളായ ഷൊയ്ബ് അക്തറും റാഷിദ് ലത്തീഫും ടീം മാനേജ്മെന്റിന്റെ നടപടിയെ ഒരു ചാനൽ ചർച്ചയിൽ നിശിതമായി വിമർശിച്ച് രംഗത്തെത്തി. തുടർന്ന് പാക് കോച്ചും മുൻ നായകനുമായ മിസ്ബ ഉൽ ഹഖ് ഇതിന് മറുപടി നൽകി.

മാഞ്ചസ്റ്ററിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സർഫ്രാസിന് പകരം മുഹമ്മദ് റിസ്‌വാനാണ് കളത്തിലിറങ്ങിയത്. ഇതോടെ മുൻ നായകൻ ടീമിലെ പന്ത്രണ്ടാമനായി. രാജ്യത്തെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കിയ ക്യാപ്ടന് ഇതോടെ ഗ്രൗണ്ടിലുള്ള താരങ്ങൾക്ക് വെള്ളമെത്തിക്കേണ്ട ചുമതലയും ലഭിച്ചു. മത്സരത്തിനിടെ ക്രീസിലുള്ള താരത്തിന്റെ ഷൂ ഇളകിപ്പോയപ്പോൾ പകരം ഷൂവുമായി എത്തിയതും മുൻ സർഫ്രാസ് തന്നെ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് മുൻ നായകനെന്ന നിലയിൽ സർഫ്രാസ് കുറച്ചുകൂടി ആദരവ് അർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയത്.

വിമർശനങ്ങൾ ഇങ്ങനെ

നാലു വർഷം പാക്കിസ്ഥാനെ നയിക്കുകയും ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം സമ്മാനിക്കുകയും ചെയ്ത ക്യാപ്ടനോടു പെരുമാറേണ്ട രീതി ഇതല്ല. കളിക്കാരുടെ ഷൂ ചുമക്കാൻ പോലും നിങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. അദ്ദേഹം അതു സ്വയം ഏറ്റെടുത്തതാണെങ്കിൽപ്പോലും അനുവദിക്കാൻ പാടില്ലായിരുന്നു. വസിം അക്രം എനിക്കായി ഒരിക്കലും ഷൂ ചുമന്നിട്ടില്ലല്ലോ.

ഏറ്റവും ദുർബലനും വിധേയനുമായ വ്യക്തിയാണ് സർഫ്രാസെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ന് കളിക്കാർക്കുവേണ്ടി ഷൂ ചുമന്ന അതേ മനഃസ്ഥിതിയിലാവണം അദ്ദേഹം പാക്കിസ്ഥാനെ നയിച്ചിരുന്നതും. അതുകൊണ്ടാണ് അന്നത്തെ പരിശീലകൻ മിക്കി ആർതർ ഇത്രമാത്രം ആധിപത്യം സ്ഥാപിച്ചത്. ഷൂ ചുമക്കുന്നത് വലിയൊരു പ്രശ്നമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, മുൻ ക്യാപ്ടൻ അതു ചെയ്യുന്നതിൽ അനൗചിത്യമുണ്ട്

– ഷൊയ്ബ് അക്തർ

‘സർഫ്രാസിന്റെ ലാളിത്യം നാം സമ്മതിച്ചേ മതിയാകൂ. പക്ഷേ, അദ്ദേഹത്തെ വെള്ളം ചുമക്കാനും ഷൂ കൊണ്ടുപോകാനും നിയോഗിച്ചത് ശരിയായില്ല. ടീമിൽ ഇടം ലഭിക്കാതെ പോയ മുതിർന്ന താരങ്ങളായ മുഹമ്മദ് ആമിറും വഹാബ് റിയാസും ടീമിന്റെ ജഴ്സി പോലും ധരിച്ചിരുന്നില്ല. ട്രാക് സ്യൂട്ടിലാണ് ഇരുവരും ഇരുന്നത്. ഇത് ടീം സ്പിരിറ്റിന് വിരുദ്ധമാണ്.

- റാഷിദ് ലത്തീഫ്

മിസ്ബയുടെ മറുപടി

സർഫ്രാസ് സഹതാരങ്ങൾക്ക് വെള്ളവും ഷൂവുമായി പോയതിൽ ലജ്ജിക്കാനൊന്നുമില്ല. സർഫ്രാസ് നല്ലൊരു മനുഷ്യനാണ്. ടീമിൽ ഇടം ലഭിക്കാതെ പോയ നാലു പേരിൽ മൂന്നു പേർ ആ സമയത്ത് നെറ്റ്സിൽ പരിശീലിരിക്കുകയായിരുന്നുവെന്നു. അവിടെയുണ്ടായിരുന്ന ഏക താരമെന്ന നിലയിലാണ് സർഫറാസിനെ വെള്ളവും ഷൂവുമായി ഗ്രൗണ്ടിലേക്ക് അയച്ചത്. ഇത്തരം അനാവശ്യ ചർച്ചകൾ പാക്കിസ്ഥാനിൽ മാത്രമേ നടക്കൂ.

പാക്ക് ടീമിന്റെ ക്യാപ്ടനായിരുന്ന ഞാൻ ആസ്ട്രേലിയയിൽവച്ച് സഹതാരങ്ങൾക്ക് വെള്ളവുമായി ഗ്രൗണ്ടിലേക്ക് പോയിട്ടുണ്ട്. അതിൽ ഇത്ര നാണക്കേട് എന്തിരിക്കുന്നു? ഇത്തരം കാര്യങ്ങളൊന്നും ഗൗനിക്കാതെ സർഫറാസ് വെള്ളവുമായി പോയത് വലിയ കാര്യമല്ലേ? അതിലുപരി പാക്ക് ടീമിന്റെ മഹത്വമാണ് ഇതിലൂടെ ദൃശ്യമാകുന്നത്

- മിസ്ബ ഉൾ ഹഖ്