swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്ന സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എയ്ക്ക് നൽകിയ മൊഴികളെ സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയെ അവർക്ക് പരിചയമുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി മാദ്ധ്യമങ്ങൾ പറഞ്ഞു.

ഈ ചോദ്യങ്ങളോട്, എൻ.ഐ.എ പറഞ്ഞ കാര്യങ്ങൾക്ക് വേറെ ചില മാനങ്ങൾ ചാർത്തിക്കൊടുക്കാൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള ചിലർ ശ്രമിച്ചുണ്ടോ എന്ന് നോക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. മാദ്ധ്യമ വിഷയവുമായി ബന്ധപ്പെട്ട് തുടർന്നും ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ചില മാദ്ധ്യമങ്ങൾ പറയുന്നതിന്റെ പിന്നിലെ ഉദ്ദേശം നാട്ടുകാർക്ക് വ്യക്തമായിട്ടുണ്ടെന്നും അതിൽ നാട്ടുകാർക്ക് ഒരു സംശയവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നാണ് തുടക്കം മുതൽ താൻ പറഞ്ഞിട്ടുള്ളതെന്നും അത് തന്നെയാണ് താൻ പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് എൻ.ഐ.എയും പറഞ്ഞതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സത്യം പുറത്തുവരാൻ അധികമൊന്നും വൈകില്ലെന്നും ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് അപ്പോൾ കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ എല്ലാവർക്കും പരിചയമുണ്ടല്ലോ എന്ന് സ്വപ്നയുടെ അഭിഭാഷകൻ തന്നെ പറഞ്ഞല്ലോ എന്നും മുഖ്യമന്ത്രിയെ പലർക്കും പരിചയമുണ്ടാകില്ലേ എന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് മറുചോദ്യം ചോദിച്ചു.

'അതിനപ്പുറമുള്ള പരിചയമെന്താണ്? എന്താണ് നിങ്ങൾക്ക് വേണ്ടത്? നിങ്ങളെ പോലുള്ള ചില മാദ്ധ്യമ പ്രവർത്തകർക്കും ചില മാദ്ധ്യമ സ്ഥാപനങ്ങൾക്കും എന്താണ് വേണ്ടത്? കേരളത്തിന്റെ മുഖ്യമന്ത്രി സ്വർണം കടത്താൻ കൂട്ടുനിന്നു എന്നാണോ? അതിനുവേണ്ടി ശ്രമിച്ചു എന്നാണോ? അതിനാണോ നിങ്ങൾ ശ്രമിച്ചികൊണ്ടിരിക്കുന്നത്? അതിനായി എത്ര അദ്ധ്വാനിച്ചാലും ഒരു ഫലവും ഉണ്ടാകില്ല. അത് മനസിലാക്കിക്കോ!'മുഖ്യമന്ത്രി തിരിച്ചടിച്ചു.

'നിങ്ങൾ ഒരു പ്രത്യേക രീതി ഉണ്ടാക്കാനായി ശ്രമിക്കുകയല്ലേ? ഈ നാടിന്റെ പൊതുവായ ബോധം മാറ്റിമറിക്കാൻ പറ്റുമോ എന്നല്ലേ നിങ്ങൾ നോക്കുന്നത്? അതാണോ മാദ്ധ്യമ ധർമ്മം? നിങ്ങൾ ഒരു ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുകയല്ലേ? അങ്ങനെയാണോ വേണ്ടത്? എന്തടിസ്ഥാനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്ന തരത്തിൽ നിങ്ങൾ വാർത്തകൾ കൊടുക്കുന്നത്? എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ? എന്തും വിളിച്ചുപറയാമെന്നുള്ള അവസ്ഥയല്ലേ?' മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു.