rajapakse

കൊളംബോ: ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാജപക്‌സെ കുടുംബം നേതൃത്വമേകുന്ന ശ്രീലങ്ക പൊതുജനപാർട്ടി(എസ്എൽപിപി) 145 സീ‌റ്റ് നേടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 5 സഖ്യകക്ഷികളുടെ പിന്തുണ കൂടിയാകുമ്പോൾ 150 സീ‌റ്റുകളാണ് ഭരണകക്ഷിക്കുണ്ടാകുക. ഇത് ആകെ സീ‌റ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ്. 225 സീ‌റ്റുകളാണ് ആകെ.

പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യതയേറെ. അനുജൻ ഗോട്ടബയ രാജപക്‌സെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്. ഇതോടെ രാജപക്‌സെ കുടുംബത്തിന്റെ ശക്തമായ ഭരണത്തിന് ലങ്കയിൽ അരങ്ങൊരുങ്ങിയിരിക്കയാണ്. തന്റെ 'ക്ഷേമത്തിനായുള‌ള കാഴ്‌ചപ്പാട്' മുന്നോട്ട് വയ്‌ക്കുന്ന ഭരണമായിരിക്കും രാജ്യത്ത് നടപ്പാക്കുകയെന്ന് മഹീന്ദ രാജപക്‌സെ വ്യക്തമാക്കി. എതിർപാർട്ടികൾക്ക് ലഭിച്ചത് 54 സീ‌റ്റുകൾ മാത്രമാണ്. തമിഴ് ന്യൂനപക്ഷങ്ങൾക്കായുള‌ള പാർട്ടി 10 സീ‌റ്റും വിവിധ ചെറുപാർട്ടികൾ 16 സീ‌റ്റുകളും നേടി. 150 സീ‌റ്റുകളാണ് ഭരണഘടനാ ഭേദഗതിക്ക് ആവശ്യം. നാലോളം ചെറു പാർട്ടികൾ രാജപക്‌സെയ്‌ക്ക് പിന്തുണ നൽകുമെന്ന് ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഭരണഘടനാ ഭേദഗതി രാജപക്‌സെ വിഭാഗത്തിന് എളുപ്പമാകും. ഏകാധിപത്യ സ്വഭാവമുള‌ള ഭരണാധികാരികളാണ് 1978 മുതൽ ശ്രീലങ്കയിൽ അധികാരത്തിലിരുന്നത് എന്നാൽ 2015ൽ ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനും പ്രധാനമന്ത്രിക്കും കൂടുതൽ അധികാരമേകുകയും പൊലീസ്, ഇലക്ഷൻ, പൊതുഭരണം ഇവക്കായി കമ്മീഷനുകളെ നിയമിക്കുകയും ചെയ്‌തിരുന്നു. ഇവക്കെല്ലാം മാ‌റ്റമുണ്ടാകുമോ എന്ന് ഇനി കാണേണ്ടതുണ്ട്.

കഴിഞ്ഞ വർഷം നവംബറിലാണ് ഗോട്ടബയ രാജപാക്‌സെ പ്രസിഡന്റായി അധികാരമേ‌റ്റത്. ശേഷം പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും രണ്ടു തവണ കൊവിഡ് മഹാമാരി മൂലം തിരഞ്ഞെടുപ്പ് മാ‌റ്റിവച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹീന്ദ്രരാജ പക്‌സെയെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ചു. അമേരിക്കൻ ഭരണകൂടവും അഭിനന്ദനം അറിയിച്ചു.