yaya-toure

മംബയ് :ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാ ലിഗയിലും മിന്നുന്ന താരമായിരുന്ന ഐവറി കോസ്റ്റുകാരൻ യായാ ടൗറെയെ നിങ്ങളുടെ ടീമിലെടുക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യവുമായി ഇൗ മെയിൽ എത്തിയപ്പോൾ 'മുതലാവില്ല, മുതലാളീ 'എന്ന രീതിയിലുള്ള ചിരിയോടെ മിക്ക ഐ.എസ്.എൽ ക്ളബുകളും അത് തളളിക്കളഞ്ഞു. എന്നാൽ കാശ് വേണമെങ്കിൽ കുറയ്ക്കാം എന്ന രീതിയിൽ അദ്ദേഹത്തിന്റെ ഏജന്റ് വീണ്ടും മെയിൽ അയച്ചതോടെ പലരും ഒരു കൈ നോക്കിയാലോ എന്ന് ചിന്തിക്കുകയാണ്.

ഒാരോ വാരത്തിനും കോടികൾ പ്രതിഫലം ലഭിച്ചിരുന്ന ടൗറയെ വാങ്ങാനുള്ള ശേഷി ഇന്ത്യൻ ക്ളബുകൾക്കില്ല എന്നത് യാഥാർത്ഥ്യമാണ്.അടുത്തിടെ എഫ്‌സി ഗോവയിൽനിന്ന് സ്പാനിഷ് താരം യൂഗോ ബോമെസിനെ മുംബയ് സിറ്റി എഫ്‍സി 1.6 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള ഉയർന്ന ഐ.എസ്.എൽ ട്രാൻസ്ഫർ.

പ്രതാപകാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ ആഴ്ചതോറും രണ്ടു കോടിയിലധികം രൂപ പ്രതിഫലം പറ്റിയിരുന്ന താരമാണ് യായാ ടൗറെ. നിലവിൽ 11.25 കോടിയോളം രൂപയാണ് വാർഷിക പ്രതിഫലമായി അദ്ദേഹത്തിന്റെ ട്രാൻസ്ഫർ കാര്യങ്ങൾ കൈകാര്യ ചെയ്യുന്ന വടക്കുകിഴക്കൻ ഏഷ്യയിലെ പ്രതിനിധികളായ ഹാർകസ് കൺസൾട്ടൻസി ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്.എന്നാൽ ഇത് തങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ ക്ളബുകൾ അറിയിച്ചതോടെ വില കുറയ്ക്കാമെന്നാണ ടൗറേയുടെ ഒാഫർ. കൊവിഡും കൂടി പരിഗണിച്ച് നിലവിലെ വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് (ഏകദേശം 3.75 കോടി രൂപ) ഇന്ത്യൻ ക്ലബ്ബുകൾക്ക് കളിക്കാൻ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എഫ്.സി ഗോവ, ബംഗളുരു എഫ്‍.സി തുടങ്ങിയ ടീമുകൾക്കാണ് മുപ്പത്തിയേഴുകാരനായ ടൗറെയെ ടീമിലെടുക്കാൻ ഓഫർ ലഭിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയുടെയും ബാർസലോണയുടെയും മുൻ മധ്യനിര താരമായ യായാ ടൗറെ കഴിഞ്ഞ വർഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിലും കളിച്ചിട്ടുണ്ട്.

ആഫ്രിക്കൻ ഫുട്‌ബാളർ ഓഫ് ദി ഇയർ പുരസ്‌കാരം തുടർച്ചയായി നാലു തവണ നേടിയിട്ടുള്ള ഏക താരമെന്ന റെക്കോർഡ് ടൗറെയുടെ പേരിലാണ്.

ഐവറി കോസ്റ്റിന്റെ മുൻ നായകനാണ്.