pic

തിരുവന്തപുരം: കേരളം നേരിടുന്നത് ഇരട്ട ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിന് പിന്നാലെ കനത്ത മഴയും മണ്ണിടിച്ചിലും സംസ്ഥനത്തു തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജമല ദുരന്തം സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജല നിരപ്പ് അപകടകരമാം വിധം ഉയരുന്നുവെന്നും എല്ലാ ജില്ലകളിലും പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിടുന്നതിനിടെയാണ് സംസ്ഥാനത്ത് പ്രളയക്കെടുതി ഉണ്ടായത്. ഇതോടെ സംസ്ഥാനം നേരിടുന്നത് ഇരട്ട ദുരന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജമലയിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും എസ്റ്റേറ്റുകളിലെ ക്യാമ്പുകളിൽ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് ദുഷ്കരമായെന്നും കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത പ്രതിരോധ സേന ഉടൻ രാജമലയിലെത്തും.ആദ്യ ഘട്ടത്തിൽ നാല് യൂണിറ്റുകളെത്തി കൂടുതൽ യൂണിറ്റുകളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതിനാൽ കൊവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.വിവരങ്ങള്‍ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ക്യാമ്പ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായി കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കുമെന്നും അനുയോജ്യമായ സ്ഥലങ്ങള്‍ ഇതിനായി നേരത്തെ കണ്ടെത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.