michelle-obama

ലോസ്ആഞ്ചലസ് : കൊവിഡ് 19 രോഗത്തിന്റെ ഭീതിയും അമേരിക്കയിൽ ഉയർന്നുവരുന്ന കറുത്ത വർഗക്കാരോടുള്ള വിവേചനവും ട്രംപ് ഭരണകൂടത്തിന്റെ കാപട്യവും തന്നെ വിഷാദത്തിലാഴ്ത്തിയെന്ന് വെളിപ്പെടുത്തലുമായി അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ. കഴി‌ഞ്ഞ ദിവസം പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് താൻ ലോ - ഗ്രേഡ് ഡിപ്രഷൻ അനുഭവിച്ചതായി മിഷേൽ തുറന്ന് പറഞ്ഞിരിക്കുന്നത്.

' താനൊരു കാര്യം സമ്മതിക്കുന്നു. താൻ വിഷാദത്തിന്റെ പിടിയിലാണ്. കൊവിഡ് കാലത്തെ ക്വാറന്റൈൻ മാത്രമല്ല വർണ വിവേചനവും തന്റെ വിഷാദത്തിന് കാരണമായെന്നും മിഷേൽ പറയുന്നു. ' ഇപ്പോഴത്തെ ഭരണകൂടത്തിന്റെ പ്രവർത്തികളും തന്നിൽ നിരാശ ജനിപ്പിക്കുന്നു. ജോർജ് ഫ്ലോയിഡിന്റെ മരണവും കറുത്ത വർഗക്കാരുടെ പോരാട്ടവും തന്നെ ഏറെ ദുഃഖിപ്പിക്കുന്നു. ഓരോ ദിവസവും ഓരോ ദുഃഖകരമായ വാർത്തകൾ. പ്രക്ഷോഭങ്ങൾ, മരണങ്ങൾ. ഭരണകൂടം ഇതിനെതിരെ പ്രതികരിക്കുന്നില്ല.

സംഘർഷങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും തന്റെ മനസ് കടന്നു പോകുന്നു. പക്ഷേ, ചില സന്ദർഭങ്ങളിൽ തന്റെ നിയന്ത്രണം നഷ്ടമാകുന്നു. ഒരാഴ്ചക്കാലം താൻ വിഷാദത്തിന് അടിമയായിരുന്നു. അത് വളരെ കഠിനമായ സമയം ആയിരുന്നു. താൻ അതിനെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ' മിഷേൽ വ്യക്തമാക്കി.