കോഴിക്കോട്: കരിപ്പൂരിലെ അന്താരാഷ്ട്ര വീമാനത്താവളത്തിൽ കനത്ത മഴയെ തുടർന്ന് വിമാനാപകടം. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ നിന്നും തെന്നിമാറി താഴേക്ക് പതിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായി വിവരമുണ്ട്. അപകടം മൂലം വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാൾ മരണപ്പെട്ടുവെന്നും വിവരമുണ്ട്.
സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായും പറയപ്പെടുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അതേസമയം അപകടം മൂലം വിമാനത്തിന്റെ നടുവിലുള്ള ഭാഗം പിളർന്ന് രണ്ടായി എന്നും അപകടത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ക്രൂ അടക്കം 170ഓളം പേർ വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആകെ 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് പറയപ്പെടുന്നത്. കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് വിമാനം താഴേക്ക് മറിയുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം അപകടം മൂലം വിമാനത്തിന്റെ നടുവിലുള്ള ഭാഗം പിളർന്ന് രണ്ടായിട്ടുണ്ട്. എന്നാൽ പുക ഉയർന്നെങ്കിലും വിമാനത്തിന് തീ പിടിക്കാത്തതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞുവെന്നാണ് അനുമാനം.
സംഭവ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്.
ദീപക് വസന്ത്, അഖിലേഷ് എന്നിവരായിരുന്നു വിമാനത്തിലെ പൈലറ്റുമാരെന്ന് ഡി.ജി.സി.എ. തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. ദീപക് വസന്താണ് മരണപ്പെട്ടതെന്നാണ് വിവരം. ശിൽപ്പ കത്താറ, അക്ഷയ് പാൽ സിംഗ്, ലളിത് കുമാർ, ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ ആയി വിമാനത്തിലുണ്ടായിരുന്നു.