ജയ്‌പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വസുന്ധര രാജെയ്ക്ക് ഔദ്യോഗിക വസതിയിൽ തന്നെ തുടരാൻ അനുമതി നൽകിക്കൊണ്ട് അശോക് ഗെലോട്ട് സർക്കാർ ഉത്തരവിറക്കി. 2008ൽ പ്രതിപക്ഷ നേതാവായ കാലം മുതൽ രാജെ താമസിക്കുന്ന ജയ്‌പൂർ സിവിൽ ലൈൻസിലെ 13-ാം നമ്പർ വസതിയിൽ അവർക്ക് തുടരാമെന്നാണ് ഉത്തരവിൽ പറയുന്നത്.
2013ൽ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ 13-ാം നമ്പർ വസതിയെ അവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി പ്രഖ്യാപിച്ചു. 2018ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ഹൈക്കോടതി ഉത്തരവുണ്ടായിട്ടുപോലും അവർ ഈ വസതി വിട്ടില്ല. കോൺഗ്രസ് സർക്കാർ അവരെ ഒഴിപ്പിക്കാനും ശ്രമിച്ചില്ല.
മുഖ്യമന്ത്രി അശോക് ഗെലോട്ടും വസുന്ധര രാജെയും തമ്മിലുള്ള ഒത്തുകളിയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന ആരോപണവുമായി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്തെത്തി.