കോഴിക്കോട്: കരിപ്പൂർ വിമാനത്തിൽ എയർ ഇന്ത്യ വിമാനം മറിഞ്ഞ് അപകടമുണ്ടായത് പൈലറ്റിന് റൺവേ കാണാൻ സാധിക്കാതിരുന്നതിനാൽ എന്ന് വിവരം. അപകടം നടന്ന സമയത്ത് ശക്തമായ മഴയുണ്ടായിരുന്നുവെന്നും ഇതുമൂലമാണ് പൈലറ്റിനു വിമാനത്താവളത്തിലെ റൺവേ കാണാൻ സാധിക്കാതിരുന്നതെന്നുമാണ് വിവരം. അതേസമയം, അപകടത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്.
എന്നാൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണ് ആംബുലൻസുകൾക്ക് ക്ഷാമമുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. അപകടത്തിൽ പിഞ്ചു കുട്ടികൾ അടക്കമുള്ളവർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.വന്ദേ ഭാരത് മിഷന്റെ ഭാഗമായെത്തിയ 1344 ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്.
ഇന്ന് രാത്രി 7.41നാണ് അപകടം നടന്നത്. സംഭവ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. ക്രൂ അടക്കം 170ൽ അധികം പേർ വിമാനത്തിലുണ്ടായിരുന്നു.ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.
ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്. അപകടത്തിൽ പൈലറ്റുൾപ്പെടെ ആറ് പേർ മരിച്ചതായി മലപ്പുറം ഡി.എം.ഒ സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ടുപേർ കോഴിക്കോട് സ്വദേശികളാണ്
അതേസമയം അപകടത്തിൽ 11 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. ദീപക് വസന്ത്, അഖിലേഷ് എന്നിവരായിരുന്നു വിമാനത്തിലെ പൈലറ്റുമാരെന്ന് ഡി.ജി.സി.എ. തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. ദീപക് വസന്താണ് മരണപ്പെട്ടതെന്നാണ് വിവരം. ശിൽപ്പ കത്താറ, അക്ഷയ് പാൽ സിംഗ്, ലളിത് കുമാർ, ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ ആയി വിമാനത്തിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് 40ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.