modi

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ അടിത്തറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെയുള്ള വിദ്യാഭ്യാസ രീതിയിൽ കുട്ടികൾ എന്ത് ചിന്തിക്കണം എന്നാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ പുതിയ വിദ്യാഭ്യാസ നയത്തിൽ അവർ എങ്ങനെ ചിന്തിക്കണം എന്നാണ് പഠിപ്പിക്കുക. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ ഏത് വിവരമാണ് ആവശ്യമെന്നും അല്ലാത്തതെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യ മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഉന്നതവിദ്യാഭ്യാസത്തിലെ പരിഷ്‌കാരങ്ങൾ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ വിദ്യാഭ്യാസ നയം യുവാക്കൾക്ക് വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യവും നൽകും. ഇന്ത്യ ഒരു മഹാശക്തിയാണ്. അത് വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ ദേശീയ വിദ്യാഭ്യാസനയം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.- മോദി പറഞ്ഞു.

നമ്മുടെ വിദ്യാർത്ഥികളെ ആഗോള പൗരന്മാരാക്കുകയും അവരുടെ സംസ്‌കാരത്തിൽ വേരുറപ്പിക്കുകയും വേണം. സംസാരഭാഷയും സ്‌കൂളിലെ പഠന ഭാഷയും ഒന്നുതന്നെയാണെങ്കിൽ വിദ്യാർത്ഥികളുടെ പഠന ശേഷി മെച്ചപ്പെടും. അതുകൊണ്ടാണ് കഴിയുന്നതും മാതൃഭാഷയിൽ പഠിപ്പിക്കാൻ ഞങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്. കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും ഇത് പിന്തുടരണമെന്നും മോദി പറഞ്ഞു.