army

ശ്രീനഗർ: കാശ്‌മീരിലെ ഷോപ്പിയാനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സൈനികന്റെ വസ്ത്രങ്ങൾ കണ്ടെത്തി. സൈനികൻ താമസിച്ചിരുന്ന വീട്ടിൽനിന്നു മൂന്ന് കിലോ മീറ്റർ അകലെ ആപ്പിൾത്തോട്ടത്തിൽ നിന്നാണ് വസ്ത്രം ലഭിച്ചത്. മൂന്ന് സ്ഥലങ്ങളിൽ നിന്നായി ലഭിച്ച വസ്ത്രത്തിന്റെ കഷ്ണങ്ങൾ പ്രാദേശികവാസികളാണ് സുരക്ഷാസേനയെ ഏൽപ്പിച്ചത്.

ആഗസ്റ്റ് രണ്ടിനാണ് ഷാക്കിർ മൻസൂർ എന്ന സൈനികനെ ഷോപ്പിയാനിലെ റെഷിപോരയിൽനിന്ന് കാണാതാവുന്നത്. ഇദ്ദേഹത്തിന്റെ കാർ കത്തിനശിപ്പിച്ച നിലയിൽ കുൽഗാമിൽനിന്നു കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥലങ്ങളിൽനിന്നു ലഭിച്ച വസ്ത്രങ്ങൾ ഷാക്കിറിന്റേത് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു.

സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാവാമെന്നാണ് സൈന്യത്തിന്റെ സംശയം. എന്നാൽ ഷാക്കിറിനെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന സന്ദേശം തീവ്രവാദികൾ പുറത്തുവിട്ടിട്ടുണ്ടെന്നാണ് വിവരം. ഷാക്കിറിന്റെ തിരോധാനത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.