കോഴിക്കോട്: ദുബായിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ വിമാനം തെന്നിവീണ് തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 16 പേർ മരിച്ചതായി വിവരം. സംസ്ഥാന സർക്കാരിന്റെ പി.ആർ.ഡി വകുപ്പാണ് ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, അമ്മയും കുഞ്ഞും ഉൾപ്പെടെയുള്ളവർ മരണപ്പെട്ടു എന്നും വിവരമുണ്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ 20 പേരും, മിംസ് ആശുപത്രിയിൽ 36 പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ 19 പേരും നിലവിൽചികിത്സയിലാണ്.
വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ട് പ്രകാരം 123 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 15 പേരുടെ നില ഗുരുതരമാണെന്നും വാർത്താ ഏജൻസി പറയുന്നു. എയർ ഇന്ത്യ എക്സ്പ്രസ് നൽകിയ ഔദ്യോഗിക കണക്ക് പ്രകാരം വിമാനത്തിൽ 174 യാത്രക്കാരും. 10 കുട്ടികളും, രണ്ട് പൈലറ്റുമാരും നാലു ക്യാബിൻ ക്രൂവുമാണ് ഉണ്ടായിരുന്നത്.
ഇന്ന് രാത്രി 7.41നാണ് അപകടം നടന്നത്. സംഭവ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായെത്തിയ 1344 ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സമയത്ത് ശക്തമായ മഴയുണ്ടായിരുന്നുവെന്നും ഇതുമൂലമാണ് പൈലറ്റിനു വിമാനത്താവളത്തിലെ റൺവേ കാണാൻ സാധിക്കാതിരുന്നതെന്നുമാണ് വിവരം.
ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം.