കോഴിക്കോട്: കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി പൈലറ്റടക്കം 20 പേർ മരിച്ച സംഭവം
ഓർമ്മപ്പെടുത്തുന്നത് മംഗളൂരുവിൽ പത്ത് വർഷം മുമ്പുണ്ടായ സമാനമായ വിമാനാപകടത്തെ. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ കാരണം റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജീവനക്കാരടക്കം 166 പേരുമായി മംഗലാപുരത്തേക്ക് എത്തിയ വിമാമം ലാൻഡിംഗിന് തൊട്ടുമുൻപ് തീപിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മംഗലാപുരം ബജ്പെ വിമാനത്താവളത്തിൽ രാവിലെ ആറരയോടെ ലാൻഡിംഗിനിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം അപകടത്തിൽപ്പെടുന്നത്.റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മണൽതിട്ടയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചോർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയുമായിരുന്നു. അപകടത്തിൽ എട്ട് യാത്രക്കാർ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർ അന്ന് മരണപ്പെട്ടിരുന്നു.
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.ഇതിനാൽ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു. കരിപ്പൂരിലുണ്ടായത് മംഗലാപുരത്തെ അപകടത്തിന് സമാനമാണ്. കരിപ്പൂരിൽ തീപിടിത്തമുണ്ടാകാത്തതിനാൽ വൻദുരന്തം ഒഴിവായി.