modi-in-ayodhya

രാമജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം വരുന്ന വെള്ളിശില സ്ഥാപിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 19 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനിർമാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും. നാലുവർഷം കൊണ്ടു പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. രാമക്ഷേത്രനിർമാണ ട്രസ്റ്റിനാണ് നേതൃത്വം. കാത്തിരിപ്പിന്റെ നൂറ്റാണ്ടുകൾ കടന്നെത്തിയ ഐതിഹാസിക നിമിഷമാണ് ഇതെന്നും അയോദ്ധ്യയിൽ ഇന്ത്യ ഒരു സുവർണാദ്ധ്യായം രചിക്കുകയാണെന്നും പിന്നീടു നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. ഗംഗ,​ യമുന,​ സരസ്വതി നദികളുടെ ത്രിവേണീ സംഗമമായ പ്രയാഗ്‌രാജ്,​ തലക്കാവേരിയിലെ കാവേരി,​ അസാമിലെ കാമാഖ്യ ക്ഷേത്രം,​ ഹിമാലയത്തിലെ ചാർധാം എന്നറിയപ്പെടുന്ന ഗംഗോത്രി,​ യമുനോത്രി,​ ബദരീനാഥ്,​ കേദാർ നാഥ്,​ വിവിധ ഗുരുദ്വാരകൾ,​ ജൈന ക്ഷേത്രങ്ങൾ,​ പാകിസ്ഥാനിലെ ശാരദാപീഠം തുടങ്ങി രണ്ടായിരം പുണ്യകേന്ദ്രങ്ങളിൽ നിന്ന് മണ്ണും ജലവും ശിലാസ്ഥാപന കർമത്തിനായി നേരത്തേ എത്തിച്ചിരുന്നു.

ബെയ്റൂട്ടിൽ കൊല്ലപ്പെട്ടത് 135 ലേറെപ്പേർ

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറോടെ നടന്ന ഉഗ്രസ്‌ഫോടനത്തിൽ 135 ലേറെപ്പേരാണ് മരിച്ചത്. 4,000ത്തോളം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന 2,​750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സർക്കാർ പറയുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ 160 കിലോമീറ്റർ അകലെയുള്ള ദ്വീപുരാജ്യമായ സൈപ്രസിലെ കെട്ടിടങ്ങൾ വരെ കുലുങ്ങി.

വളംനിർമാണത്തിനും സ്ഫോടകവസ്തുവായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ ശേഖരം സുരക്ഷാഭീഷണിയാണെന്ന് പലവട്ടം മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഉത്തരവാദികളായ തുറമുഖ ഉദ്യോഗസ്ഥരെ മുഴുവൻ വീട്ടുതടങ്കലിൽ വയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

ന്യൂയോർക്കിൽ തിളങ്ങി മൂത്തോൻ

ന്യൂയോർക്കിൽ നടന്ന ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാള ചിത്രം 'മൂത്തോൻ'. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിനാണ് മികച്ച നടനും ചിത്രവും ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ. നിവിൻ പോളിയാണ് മികച്ച നടൻ. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ട് വരെയായിരുന്നു ഓൺലൈൻ സ്ട്രീമിങ് വഴി ചലച്ചിത്രമേള സംഘടിപ്പിച്ചത്. 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു.
നേരത്തെ ടൊറന്റോ അടക്കം നിരവധി രാജ്യാന്തര മേളകളിൽ തിളങ്ങിയ ചിത്രമാണ് മൂത്തോൻ. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭർത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ നിർമ്മാതാവും ബോളിവുഡ് സംവിധായകനുമായ അനുരാഗ് കശ്യപാണ്.


ഈണങ്ങളിൽ മുഴുകാൻ നോത്രദാം
പാരീസിലെ അനശ്വരമായ നോത്രദാം കത്തീഡ്രലിലെ പുരാതനമായ പൈപ്പ് ഓർഗൻ വീണ്ടും പാടും. ഓർഗന്റെ നവീകരണപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞവർഷം ഏപ്രിലിൽ കത്തീഡ്രലിനുണ്ടായ തീപിടിത്തത്തിലാണ് കരിയും പുകയുമേറ്റ് ഓർഗൻ പ്രവർത്തന രഹിതമായത്. 8000 പൈപ്പുകളുള്ള ഓർഗൻ വൃത്തിയാക്കാൻ നാല് വർഷമെടുക്കുമെന്നാണ് കരുതുന്നത്. 5 കീ ബോർഡുകളും പെഡൽ ബോർഡുകളും 105 സ്റ്റോപ്പ് നോബുകളുമുണ്ട് ഇതിന്. ഓർഗൻ ശ്രുതിചേർക്കാൻ മാത്രം ആറ് മാസമെങ്കിലുമെടുക്കും. 1773ലാണ് ഫ്രാൻസിലെ ഏറ്റവും വലിയ സംഗീതോപകരണമായ പൈപ്പ് ഓർഗൻ സ്ഥാപിച്ചത്. തീപിടിത്തത്തിൽ ഓർഗന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

റൊണാൾഡോയുടെ സൂപ്പർകാർ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനി പുതിയ സൂപ്പർ കാർ. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ കാറുകളിലൊന്നായ ബുഗാട്ടിയുടെ ചെന്റോഡിയെച്ചി വാങ്ങാനാണ് റൊണാൾഡോ കഴിഞ്ഞദിവസം കരാറൊപ്പിട്ടത്. ഏകദേശം 83.34 കോടി രൂപയാണ് ഈ കാറിന്റെ വില! 2.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിലോടാൻ ബുഗാട്ടിയുടെ ഈ മോഡലിനു കഴിയും. മണിക്കൂറിൽ 379 കിലോമീറ്റർ വേഗത്തിൽ ഇതോടിക്കാൻ കഴിയുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ലോകത്താകെ 10 പേർക്കുവേണ്ടി മാത്രമാണു ഈ മോഡൽ കമ്പനി നിർമിക്കുന്നത്. കാർ കയ്യിൽ കിട്ടാൻ റൊണാൾഡോ ഒരു വർഷംകൂടി കാത്തിരിക്കണം. ആഡംബര കാറുകളെ നീണ്ട നിരതന്നെയുണ്ട് റൊണാൾഡോയുടെ വീട്ടിൽ.

ചുമയക്ക് വിലക്ക്
ഫുട്ബാൾ മത്സരത്തിനിടെ പ്രകോപിപ്പിക്കാനായി ഗ്രൗണ്ടിൽ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്യുന്നതിന് വിലക്ക്. കൊവിഡിന്റെ പശ്ചാത്തലത്തിലാണിത്. ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനാണ് വിലക്കേർപ്പെടുത്താൻ തീരുമാനമെടുത്തത്.
ഗ്രൗണ്ടിൽ എതിർടീമിലെ കളിക്കാരുടെ അടുത്ത് നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ നൽകാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് പ്രകോപിക്കുന്ന കുറ്റത്തിന് സമാനമായിട്ടായിരിക്കും ഇനി ഗ്രൗണ്ടിലെ ചുമയും തുപ്പലും. മറ്റുള്ളവരുടെ സമീപത്തല്ലാതെ, സ്വാഭാവിക ചുമയ്ക്ക് പ്രശ്നമല്ല.