pic

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബിൾ ടോപ്പ് റണ്‍വേയെന്ന് വ്യോമയാന വിദഗ്ദ്ധര്‍. വിമാനത്താവളങ്ങളില്‍ അപകട സാദ്ധ്യത കൂടിയ റണ്‍വേകളുടെ ഗണത്തിൽ ഉള്‍പ്പെട്ടതാണ് ടേബിൾ ടോപ്പ് റണ്‍വേകൾ. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിനു മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബിൾ ടോപ്പ് റണ്‍വേ. ഏതെങ്കിലും സാഹചര്യത്തിൽ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാല്‍ താഴെക്ക് പതിക്കും.ഇത് വന്‍ദുരന്തത്തിന് കാരണമാകും. കരിപ്പൂരില്‍ ലാൻഡ് ചെയ്യാൻ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തു.

മംഗലാപുരത്ത് പത്തുവര്‍ഷം മുന്‍പ് നടന്ന വിമാനാപകടത്തിന്റെ പ്രധാന കാരണവും ടേബിൾ ടോപ്പ് റണ്‍വേ ആയിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുവന്ന എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. 158 പേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു മംഗലാപുരത്തേത്.

ടേബിൾ ടോപ്പ് റണ്‍വേകളിൽ വിമാനം ലാന്റ് ചെയ്യിക്കുന്നത് സാധാരണ വിമാനത്താവളങ്ങളിൽ ലാന്റ് ചെയ്യിക്കുന്നതിനേക്കാൾ പ്രയാസമാണെന്നാണ് വ്യോമയാന വിദഗ്ദ്ധര്‍ പറയുന്നത്.കാലാവസ്ഥ പ്രതികൂലമായാൽ പെെലറ്റിന് ലാന്റിംഗ് ദുര്‍ഘടമാകും. കണക്കുകൂട്ടലില്‍ നേരിയ പിഴവ് സംഭവിച്ചാല്‍ ഇത് വന്‍ദുരന്തത്തിലേക്ക് വഴിവയ്ക്കും. മംഗലാപുരത്തെ പോലെ കരിപ്പൂരിലും ഇതാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.