കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗ് ശ്രമകരമാണെന്നും ഇവിടെ ലാൻഡ് ചെയ്തുള്ള പരിചയം നിലനിറുത്തുന്നതിനായി കമ്പനി എല്ലാ ക്യാപ്റ്റൻമാരെയും ഇവിടേയ്ക്കുളള ഫ്ലൈറ്റുകളിൽ നിയോഗിക്കാറുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറിയിച്ചു. ലാൻഡിംഗ് സഹപൈലറ്റിന് നൽകരുതെന്ന് പ്രത്യേകം നിർദേശമുള്ള അപൂർവം വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂർ വിമാനത്താവളം. കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ വളരെ പരിചയസമ്പന്നനായ പൈലറ്റാണെന്നും അപകടത്തിൽ ഏറെ ദു:ഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോൾ പറയുക സാധ്യമല്ലെന്നും സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു പൈലറ്റെന്ന നിലയിൽ പറയുകയാണെങ്കിൽ "ലാൻഡിംഗ് ഏറെ ശ്രമകരമായ വിമാനത്താവളമാണ് കരിപ്പൂരിലേത്.നിരവധി തവണ ഞാനിവിടെ ലാൻഡ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത കാലാവസ്ഥകളിൽ ഇവിടെ ലാൻഡ് ചെയ്ത് പരിചയം നേടുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസിലെ എല്ലാ പ്രധാന പൈലറ്റുമാരെയും വർഷത്തിൽ രണ്ടോ മൂന്നോ തവണ കരിപ്പൂരിലേക്ക് നിയോഗിക്കാറുണ്ട്. ഇതുപോലെ പരിചയം നിലനിറുത്താൻ നിയോഗിക്കുന്ന മറ്റൊരു വിമാനത്താവളം മംഗലാപുരമാണ്.' അദ്ദേഹം പറഞ്ഞു.
'കരിപ്പൂർ വിമാനത്താവളത്തെ 'ട്രിക്കി' ആക്കുന്ന പല ഘടകങ്ങളുമുണ്ട്,' 'അതിൽ പ്രധാനം വിമാനത്താവളം ഇരിക്കുന്ന സ്ഥലവും കാലാവസ്ഥയുമാണ്. ടേബിൾ ടോപ്പ് മോഡൽ ആണെന്നതു കൂടാതെ റൺവേയ്ക്ക് നീളവും കുറവാണ്. തീരെ നീളമില്ലെന്നല്ല, മറിച്ച് റൺവേയുടെ നീളം കൂടുന്തോറും പൈലറ്റിന്റെ ആത്മവിശ്വാസവും കൂടുതലായിരിക്കും. ലാൻഡിംഗ് കൂടുതൽ അനായാസമായിരിക്കുകയും ചെയ്യും. അതോടൊപ്പം മലമ്പ്രദേശമായതിനാൽ ലോ ക്ലൗഡ്സ് ഇവിടെ എപ്പോഴുമുണ്ടാകും. ഈ സാഹചര്യത്തിൽ അതിരാവിലെയോ രാത്രി വൈകിയോ ഇവിടെ ലാൻഡ് ചെയ്യുക എന്നത് ഏത് പൈലറ്റിനെയും സംബന്ധിച്ച് അത്ര എളുപ്പമാവില്ലെന്നും അദ്ദേഹം പറഞ്ഞു.ലാൻഡിംഗിന് മുമ്പ് താനേറ്റവും ജാഗ്രതയോടെ ഇരിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂറെന്നും എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വ്യക്തമാക്കി.