മലപ്പുറം: കരിപ്പൂർ വിമാനാപകടം ഏറെ ആശങ്കയുണ്ടാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. സംഭവത്തിൽ ഡി ജി സി എ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ സംഘത്തിലെ ചിലരും മന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് വി മുരളീധരൻ കരിപ്പൂരിലെത്തിയത്. അപകടത്തിൽ പരിക്കേറ്റവരെ മന്ത്രി സന്ദർശിക്കും.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എ എക് സ് ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽനിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്. വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു.
191 പേർ വിമാനത്തിലുണ്ടായിരുന്നു. 185 യാത്രക്കാരിൽ 11 പേർ കുട്ടികളാണ്. ഇതിൽ കൂടുതലും അഞ്ച് വയസിന് താഴെയാണ്. നാല് ക്യാബിൻ ക്രൂ, രണ്ട് പൈലറ്റുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. 2010 മേയ് 22ന് 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനത്താവളത്തെപ്പോലെ ടേബിൾ ടോപ്പ് രീതിയിലുള്ളതാണ് കരിപ്പൂർ വിമാനത്താവളവും.