തൊടുപുഴ: രാജമലയിൽ ഉരുൾപ്പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങി. ഇനി 49 പേരെ കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുനരാരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത നിലനിൽക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
17 പേരാണ് ഇന്നലെ മരിച്ചത്. കണ്ണൻദേവൻ കമ്പനിയുടെ മൂന്നാർ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തിൽ അകപ്പെട്ടത്. മണ്ണിനടിയിൽ കുടുങ്ങിയ 12 പേരെ പ്രദേശവാസികൾ അതിസാഹസികമായി രക്ഷപെടുത്തി.
മൂന്നാർ ടൗണിൽ നിന്ന് 21 കിലോമീറ്റർ അകലെ ദേവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കുന്നുകളാൽ ചുറ്റപ്പെട്ട അപകട പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ തോട്ടം തൊഴിലാളികൾക്കുള്ള ലയങ്ങളാണ് പ്രധാനമായുള്ളത്. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയവരാണ് തൊഴിലാളികളിലധികവും. ഉരുൾപൊട്ടലിൽ ഒരു കുന്നിടിഞ്ഞതോടെ രണ്ടു കിലോമീറ്റർ മുകളിൽ നിന്ന് മണലും കൂറ്റൻ പാറക്കഷ്ണങ്ങളും മരങ്ങളുമൊക്കെ ഒഴുകിയെത്തി ലയത്തിനു മേൽ പതിക്കുകയായിരുന്നു