ന്യൂഡൽഹി: കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ഇന്ന് കരിപ്പൂരിലെത്തും. എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിമാനാപകടം നടന്ന സ്ഥലം മന്ത്രി സന്ദർശിക്കും. എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും എയർപോർട്ട് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാത് ബെഹ്റ തുടങ്ങിയവരും രാവിലെ തന്നെ കരിപ്പൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുലർച്ചെ അഞ്ചരയോടെ കരിപ്പൂരിലെത്തി.
അപകടത്തിൽപെട്ടവരെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെ ഇവർ കണ്ടേക്കും. എന്താണ് കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്നതിൽ വിശദമായ അന്വേഷണം ഡി.ജി.സി.എ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയർപോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. പൊലീസുദ്യോഗസ്ഥരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ നടപടിക്രമങ്ങൾക്കായി അവരെ സഹായിക്കും.
ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡി.ജി.സി.എയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ബ്ലാക് ബോക്സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോൾ തുടർന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവർത്തനം പൂർണമായും അവസാനിപ്പിച്ചിരുന്നു. മന്ത്രി എ.സി മൊയ്‍തീൻ ആണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വേണ്ടി ഏകോപനം നടത്തിയത്. മന്ത്രി കെ.കെ ശൈലജ രാത്രി എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏകോപനവും നടത്തി. സ്ഥലത്ത് ഇനിയാരും കുടുങ്ങിക്കിടപ്പില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.