karippur

മലപ്പുറം: കരിപ്പൂ‌‌ർ വിമാന അപകടത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ ടി ജലീൽ അറിയിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ സ്വയം പരിശോധനയ്ക്ക് വിധേയരാവണമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ്മോ‌ർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രക്ഷാപ്രവ‌ർത്തനത്തിൽ ഏ‌ർപ്പെട്ടവ‌ർ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ കാണണമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ അറിയിച്ചിരുന്നു. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. എന്താണ് കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്നതിൽ വിശദമായ അന്വേഷണം ഡി ജി സി എ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.