കോഴിക്കോട്: വാഹന അപകടം ഉണ്ടായാൽ തിരിഞ്ഞു നോക്കാത്തവരും, നിരീക്ഷണ കാലവധി പൂർത്തിയാക്കിയവരെ പോലും മാറ്റി നിർത്തുന്നവരുമൊക്കെ ഈ നന്മ നിറഞ്ഞ നാട്ടുകാരെ കണ്ടുപഠിക്കണം. ഇന്നലെ കരിപ്പൂരിൽ വിമാനപകടം ഉണ്ടായപ്പോൾ, വിദേശത്തുനിന്നെത്തിയവരാണ് ഇവർക്ക് കൊവിഡുണ്ടാകുമോ? എനിക്ക് പകരുമോ? എന്നൊന്നുമായിരുന്നില്ല പ്രദേശവാസികളുടെ ചോദ്യം.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകട വാർത്ത സോഷ്യൽ മീഡിയയിൽ പരന്നത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയെന്നും, ആളപായമില്ലെന്നുമായിരുന്നു ആദ്യ സന്ദേശങ്ങൾ. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ടയിൻമെന്റ് സോണായിരുന്നിട്ട് പോലും പ്രദേശവാസികൾ ഓടിയെത്തി. കൊവിഡിനെയോ മഴയോ കൂസാതെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുപോലും ഇല്ലാത്തവർക്ക് വേണ്ടി രക്ഷപ്രവർത്തകർക്കൊപ്പം അവരും കൂടി.
വീണു കിടക്കുന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന ബോധമുണ്ടായിട്ടുപോലും സ്വന്തം ജീവൻ പോലും പണയംവച്ച് അവ രക്ഷാപ്രവത്തനത്തിനിറങ്ങി. കുഞ്ഞുങ്ങളെയുൾപ്പെടെ കോരിയെടുത്ത് ആശുപത്രിയിലേക്കോടി. ഒന്നരമണിക്കൂറിനുള്ളിൽ എല്ലാവരെയും ആശുപത്രിയിലാക്കി. അവിടെയും തീർന്നില്ല. അപകടത്തിൽപ്പെട്ടവർക്ക് രക്തം ആവശ്യമാണെന്നറിഞ്ഞതോടെ ആശുപത്രിയുടെ ബ്ലഡ് ബാങ്കിനുമുന്നിലും നീണ്ട ക്യൂ. കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും, കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചിട്ടായിരുന്നു രക്തദാനം.