കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം മൂക്കുകുത്തി 35 അടി താഴേക്ക് പതിച്ച് അപകടം ഉണ്ടായപ്പോൾ മാതൃകയായത് കൊണ്ടോട്ടിയിലെ ജനങ്ങളുടെ രക്ഷാപ്രവർത്തനം. മലപ്പുറം ജില്ലയിൽ കൊവിഡിന്റെ സമ്പർക്ക വ്യാപനം ഏറ്റവും രൂക്ഷമായ കൊണ്ടോട്ടിയിൽ അപകടം നടന്നുയടനെ പേടിച്ചു മാറിനിൽക്കാതെ പൊലീസിനൊപ്പം നാട്ടുകാർ കൈമെയ്യ് മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു, വിമാനത്തിനകത്ത് കുടുങ്ങിയ രണ്ടു പേരൊഴികെ അപകടത്തിൽപെട്ട മുഴുവൻ പേരെയും ഒന്നര മണിക്കൂറിനകം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ വഴിയും നാട്ടുകാർ വിവരം അറിഞ്ഞു. ഇതോടെ കൂടുതൽ പേർ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്ക് എത്തി. സമീപ പ്രദേശങ്ങളിലെ സ്വകാര്യ വാഹനങ്ങളിലാണ് തുടക്കത്തിൽ പരിക്കേറ്റവരെ അതിവേഗം ആശുപത്രികളിലെത്തിച്ചത് . ഉടൻ തന്നെ പൊലീസും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
മലപ്പുറം, കോഴിക്കോട് കളക്ടർമാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തന ദൗത്യം ഏകോപിപ്പിച്ചത്. കൊവിഡിന്റെ ഭീതിയിലായിരുന്നെങ്കിലും അടിയന്തര സാഹചര്യത്തിൽ മറ്റൊന്നും നോക്കിയില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ കൊണ്ടോട്ടി സ്വദേശി യൂസഫ് പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഓട്ടോയിലാണ് യൂസഫ് കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേൽക്കാത്ത കുട്ടിയെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി. മറ്റൊരു കുഞ്ഞിനെ കൊണ്ടോട്ടിക്കാരനായ ജാഫർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി എത്തിച്ചു. മഞ്ചേരി ,കൊണ്ടോട്ടി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഗുരുതരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടവിവരം അറിഞ്ഞത് മുതൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം രോഗികളെ കൊണ്ടു പോവേണ്ട സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ പി.പി.ഐ കിറ്റ് ഉൾപ്പെടെ ധരിച്ച് സജ്ജരായിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് ആദ്യദൗത്യമെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അടുത്ത ദിവസങ്ങളിൽ തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി സുരക്ഷിതരാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.