deepak-sathe

കോഴിക്കോട്: കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ. എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ക്യാപ്റ്റൻ ദീപക് സാത്തെ വിമാനവുമായി ആകാശത്ത് വട്ടമിട്ട് പറന്നത് ഇരുപത് മിനിറ്ര്. ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ഒടുവിൽ ബെല്ലി ലാന്റിംഗ്. റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവെ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി. ഇരുപത് മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രക്തസാക്ഷി. അടിയന്തര സാഹചര്യങ്ങളിൽ, വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തുറക്കാതെ, അടിഭാഗം പെട്ടെന്ന് തറയിൽ തട്ടിച്ച് നിർത്തുന്നതിന് ബെല്ലി ലാൻഡിംഗ് എന്നാണ് പറയുന്നത്.

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ക്യാപ്‌റ്റൻ ദീപക് സാത്തേയ്ക്കുള്ളത് 30 വർഷത്തെ പരിചയ സമ്പത്താണ്. വ്യോമസേനയിൽ 12 വർഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയർമെന്റ് എടുത്താണ് ക്യാപ്റ്റൻ ദീപക് വി സാത്തേ എയർ ഇന്ത്യയിൽ പ്രവേശിച്ചത്. രാഷ്ട്രപതിയുടെ പക്കൽ നിന്ന് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ അടക്കം വാങ്ങിയ പ്രതിഭയാണ് അദ്ദേഹം. എയർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് വ്യോമസേനയിലെ എക്‌സ്പിരിമെന്റൽ ടെസ്റ്റ് പൈലറ്റ് ആയിരുന്നു ദീപക്.

മഹാരാഷ്ട്രയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1980ലാണ് കോഴ്‌സ് പൂർത്തിയാക്കിയത്. എയർഫോഴ്‌സ് അക്കാദമിയിൽ നിന്നും സ്വോർഡ് ഓഫ് ഓണർ ബഹുമതി നേടിയിട്ടുണ്ട്. എയർ ഇന്ത്യ എക്‌സ‌്പ്രസ് ബോയിംഗ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുമ്പ് എയർ ഇന്ത്യ എയർബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം മുംബയിലെ പോവൈയിലായിരുന്നു താമസം.

പൈലറ്റ് ദീപക് സാത്തെയുടെ പരിചയസമ്പത്തും മന:സാന്നിദ്ധ്യവുമാണ് വൻ ദുരന്തത്തിലേക്ക് പോകാതിരിക്കാൻ സഹായകമായതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പക്ഷെ സാത്തേക്കും സഹ പൈലറ്റ്‌ അഖിലേഷ് കുമാറിനും സ്വന്തം ജീവൻ നൽകേണ്ടി വന്നു. കനത്ത മഴ മൂലം പൈലറ്റിന് റൺവേ കാണാനാവുമായിരുന്നില്ല എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മലകൾക്കിടയിൽ ചെത്തിയൊരുക്കുന്ന ടേബിൾ ടോപ്പ് റൺവേ ആയതിനാൽ അതീവ ശ്രദ്ധയോടെ മാത്രമേ ഇവിടെ വിമാനം ഇറക്കാൻ കഴിയൂ. രാജ്യത്തെ മറ്റ് ടേബിൾ ടോപ്പ് റൺവേകളിലും ഈ പ്രശ്‌നമുണ്ട്. പരിചയസമ്പന്നരായ പൈലറ്റുമാരെ മാത്രം പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ വിമാനത്താവളങ്ങളിൽ വിമാനം ഇറക്കാൻ നിയോഗിക്കാറുള്ളൂ. ഇപ്പോൾ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ക്യാപ്റ്റനും അത്തരത്തിൽ പരിചയ സമ്പന്നനായതു കൊണ്ടു മാത്രമാണ് വിമാനം വലിയ ഉയരത്തിൽ നിന്ന് വീഴാതിരുന്നതും മംഗലാപുരത്ത് സംഭവിച്ചതു പോലെ തീ പിടിക്കാതിരുന്നതും.

കനത്ത മഴ കാഴ്ച മറച്ചെങ്കിലും റൺവേയിൽ തന്നെ വിമാനം ഇറക്കാൻ കഴിഞ്ഞത് സാത്തേയുടെ മികവാണ്. മഴ ആയതിനാൽ റൺവേയിൽ നിന്ന് വിമാനം തെന്നി നീങ്ങുന്നത് ഫലപ്രദമായി തടയാൻ ആയില്ല എന്നതു കൊണ്ടാണ് 35 അടി താഴ്ചയിലേക്ക് വീണത്. എന്നാൽ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തു നിന്ന് വെറും 300 മീറ്റർ അകലെ ജനവാസ കേന്ദ്രങ്ങളാണ്. ഇവിടെയായിരുന്നു അപകടം സംഭവിച്ചിരുന്നതെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പ് സാത്തേ എഞ്ചിൻ ഓഫാക്കിയതും അപകടത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായകമായി. വിമാനത്തിന് തീ പിടിക്കാതെ ഒഴിവാക്കാൻ കഴിഞ്ഞതു തന്നെ വലിയ കാര്യമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അല്ലായിരുന്നെങ്കിൽ വിമാനം പൊട്ടിത്തെറിക്കുകയും അപകടം വൻ ദുരന്തത്തിലേക്ക് വഴി മാറുകയും ചെയ്യുമായിരുന്നു.