karipur-air-crash

കോഴിക്കോട്: കരിപ്പൂരിൽ ഇന്നലെ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന ഒരാളെ കാണാതായതായി പരാതി. കുറ്റിപ്പുറം ചോയിമഠത്തിൽ ഹംസയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനുൾപ്പെടെയുള്ള ബന്ധുക്കളാണ് മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

വിമാനത്തിൽ യാത്ര ചെയ്തവരുടെ പട്ടികയിൽ നൂറാമതായിട്ടാണ് ഹംസയുടെ പേരുള്ളത്. എന്നാൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ പരിശോധിച്ചപ്പോഴോ, മരിച്ചവരുടെ പട്ടികയിലോ ഇദ്ദേഹത്തിന്റെ പേരില്ലെന്ന് ബന്ധുക്കൾ പറയുന്നു.


ഇതുവരെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരിൽ ഒരാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ പതിനാലുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കുട്ടികളുൾപ്പെടെ 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.