ഇടുക്കി: രാജമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി. രണ്ടാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുകയാണ്. രാവിലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഡീൻ കുര്യാക്കോസ് എം.പി മാദ്ധ്യമങ്ങളെ അറിയിച്ചു. 58 അംഗ എൻ.ഡി.ആർ.എഫ് സംഘം ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡോക്ടർമാരുടെ സംഘവും പെട്ടിമുടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി കണ്ടെത്താനുള്ളത് നാൽപതോളം പേരെയാണ്. 18 പേർ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
മഴയും കനത്ത കോടമഞ്ഞും തിരച്ചിലിന് വെല്ലുവിളിയാണ്. ഈ മേഖലയിൽ വീണ്ടും മണ്ണിടിയുമെന്ന ഭീതി നിലനിൽക്കുന്നുനുണ്ട്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും എം.എം.മണിയും ഇന്ന് പെട്ടിമുടിയിലെത്തും. ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്നാർ പഞ്ചായത്ത് മുൻ അംഗം ആനന്ദ ശിവനും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. ആനന്ദ ശിവന്റെ കുടുംബത്തിലെ 21 പേരെയും കാണാനില്ല. ഇവർക്കായി സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
പെട്ടിമല ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഉൗർജിതമെന്ന് മന്ത്രി എം.എം.മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ കമ്പനിയും പഞ്ചായത്തും നൽകിയ പട്ടിക പ്രകാരമാണ് തിരച്ചിൽ നടത്തുന്നത്. ഇടുക്കി മൂന്നാർ ടൗണിൽ നിന്ന് 21 കിലോമീറ്റർ അകലെ ദേവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കുന്നുകളാൽ ചുറ്റപ്പെട്ട അപകട പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ തോട്ടം തൊഴിലാളികൾക്കുള്ള ലയങ്ങളാണ് പ്രധാനമായുള്ളത്. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയവരാണ് തൊഴിലാളികളിലധികവും. ഉരുൾപൊട്ടലിൽ ഒരു കുന്നിടിഞ്ഞതോടെ രണ്ടു കിലോമീറ്റർ മുകളിൽ നിന്ന് മണലും കൂറ്റൻ പാറക്കഷ്ണങ്ങളും മരങ്ങളുമൊക്കെ ഒഴുകിയെത്തി ലയത്തിനു മേൽ പതിക്കുകയായിരുന്നു.