atc

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുണ്ടായ അപടത്തിൽ സഹപൈലറ്റ് ഉള്‍പ്പെടെ 19 പേരാണ് മരിച്ചത്. 190 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ. അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് അധികാരികളെ ആദ്യം അറിയിച്ചത് സ്ഥലത്ത് പട്രോളിംഗ് പാർട്ടി ചുമതലയിലുണ്ടായിരുന്ന അജിത് ആണ്.

ശ്രദ്ധയിൽപ്പെട്ട ഉടൻ യൂണിറ്റ് കൺട്രോൾ റൂമിനെയും യൂണിറ്റ് ലെെനിനെയും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് എയർ ട്രാഫിക് കൺട്രോളർ(എ ടി സി)ക്കുപോലും വ്യക്തമായി അറിയില്ലായിരുന്നുവെന്ന് ഇതുസംബന്ധിച്ച വൃത്തങ്ങൾ അറിയിച്ചു.

സന്ദേശം ലഭിച്ചയുടൻ പത്ത് മിനിറ്റിനുള്ളിൽ 40 ഓളം സി ഐ എസ് എഫ് ഉദ്യോഗസ്ഥർ സമീപത്തെ ബാരക്കിൽനിന്നെത്തി. കൂടാതെ ക്യു ആർ ടി ടീമും സി എ എസ് ഒ ടീമും സ്ഥലത്തെത്തി. അതേസമയം സി ഐ എസ് എഫ് ഉദ്യോഗസ്ഥർ 99 ശതമാനം യാത്രക്കാരയെും പരിക്കേറ്റ യാത്രക്കാരെയുമടക്കം ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചു. സി എ എസ് ഒ പെട്ടെന്നുതന്നെ പ്രാദേശിക സംസ്ഥാന അധികാരികളെയും അറിയിച്ചു.

വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്സ്. 344 ദുബായ് - കോഴിക്കോട് വിമാനമാണ് 7.52-ന് അപകടത്തില്‍പ്പെട്ടത്. കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകര്‍ന്ന് തെറിച്ചു. അപകടം മനസിലാക്കിയ പൈലറ്റ് മാനുവല്‍ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് നിര്‍ത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് പൂര്‍ണമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.