flood

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ മിക്ക ഡാമുകളും നിറഞ്ഞു. നദികൾ കരകവിഞ്ഞതോടെ പ്രളയ ഭീതിയിലാകുകയാണ് വീണ്ടും സംസ്ഥാനം. കണ്ണൂർ പയ്യാവൂരിലെ ചീയപ്പാറയിൽ ഉരുൾപൊട്ടി.കാസർഗോഡ് പനത്തടി പഞ്ചായത്തിലെ തുമ്പോടിയിലും ഉരുൾപൊട്ടി. കോഴിക്കോട് കോടഞ്ചേരി തേവർമലയിൽ ഉരുൾപൊട്ടി പാറയും മരങ്ങളും റോഡിലേക്ക് വീണ് തെയ്യപ്പാറ റോഡ് ഗതാഗതം തടസപ്പെട്ടു. അതേ സമയം വയനാട്ടിൽ മഴയ്‌ക്ക് അൽപം കുറവുണ്ട്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴയാണ് ഉണ്ടാകുക എന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,മലപ്പുറം, കോഴിക്കോട്,കണ്ണൂ‌ർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് പമ്പ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ചെങ്ങന്നൂരിൽ വെള‌ളം കയറി. പുത്തൻകാവ് ഭാഗത്താണ് വെള‌ളം കയറിയിരിക്കുന്നത്. പമ്പാ നദീ തിരത്തെ ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലും വെള‌ളം കയറുകയാണ്. പത്തനംതിട്ട ജില്ലയിലും പ്രളയ സമാനമായ സാഹചര്യമാണ്. പമ്പ ത്രിവേണിയിൽ വെള‌ളം കയറി.ശബരിമല പാതയിൽ പലയിടത്തും മണ്ണിടിച്ചിലും ഉണ്ട്. മണിയാർ, മൂഴിയാർ ഡാമുകളിലെ ഷട്ടറുകൾ തുറന്നു. എൻഡിആർ‌എഫ് ടീം ജില്ലയിൽ പ്രവർത്തനം നടത്തുന്നുണ്ട്. കൊല്ലം വാടിയിൽ നിന്ന് 10 വള‌ളങ്ങളിൽ മത്സ്യ തൊഴിലാളികൾ പത്തനംതിട്ടയിൽ രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടു. ജില്ലാ കളക്‌ടർ ഇരുപത് വള‌ളങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് പത്ത് വള‌ളങ്ങൾ പുറപ്പെട്ടത്. അപ്പർ കുട്ടനാട് മേഖലകളിൽ വെ‌ള‌ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. മണിമലയാറിലും നീരൊഴുക്ക് ശക്തമാണ്.

കോട്ടയം ജില്ലയിൽ മഴ കെടുതി രൂക്ഷമാണ്. കനത്ത മഴ പെയ്‌ത പൂഞ്ഞാറിൽ ഇന്നലെ 150 മി.മി മഴ ലഭിച്ചു. വെള‌ളപ്പൊക്കത്തെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ട പാലായിൽ ഇന്ന് വെള‌ളം ഇറങ്ങിത്തുടങ്ങി. മദ്ധ്യകേരളത്തിൽ പലഭാഗത്തും ഇന്ന് നേരിയ മഴ കുറവുണ്ട്. നദികളിലെ ജലനിരപ്പ് അൽപം കുറഞ്ഞു.