രാജമലയിൽ മണ്ണിൽ പുതഞ്ഞുപോയ സഹജീവികളെ രക്ഷിക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യർ, കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടപ്പോൾ കൊവിഡിനെപ്പോലും വകവയ്ക്കാതെ ഓടിയെത്തിയ നാട്ടുകാർ, പാതിരാത്രിയിലും രക്തംവേണോ എന്നും എന്ത് സഹായമാണ് വേണ്ടതെന്നും ചോദിച്ച് എത്തുന്ന യുവാക്കൾ... അങ്ങനെയങ്ങനെ ഒരു നൂറായിരം നന്മയുടെ കഥ പറയാനുണ്ട് നമ്മുടെ കൊച്ചു കേരളത്തിന്.
എന്നാൽ അതിനിടയിൽ എന്ത് ദുരന്തത്തിലും രാഷ്ട്രീയവും, മതവും, വർഗീയതയുമായൊക്കെ എത്തുന്ന കുറച്ചുപേരും ഉണ്ട്. അവരെക്കുറിച്ച് ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അത്തരക്കാരോട് വല്ലപ്പൊഴും ചുറ്റുമൊന്ന് നോക്കാനും, എന്നിട്ടും മനുഷ്യനാവാൻ പറ്റുന്നില്ലെങ്കിൽ അവരോടൊക്കെ ഒന്ന് ചോദിച്ച് പഠിക്കാനും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയവർക്ക് അദ്ദേഹം ആദരവറിയിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്നും വിദ്വേഷപ്രചരണത്തിൻ്റെ ഇരയായി മാറുന്ന മലപ്പുറത്തെ മനുഷ്യരെക്കുറിച്ചൂടിയാണ്.
ഇന്നലെ കണ്ടിരുന്നു, രാഷ്ട്രീയവും മതവും വർഗീയതയും സമം ചാലിച്ച് അപകടത്തിൻ്റെ വാർത്തകൾക്ക് കീഴെ വിഷമൊഴുക്കുന്ന കുറച്ച് പേരെ.
ആദ്യമോർത്തത് ആ വിഷജീവികൾക്ക് ഒരു മറുപടിയെഴുതാമെന്നാണ്. അപകടങ്ങളെ വിഷമൊഴുക്കാൻ ഉപയോഗിച്ചവർക്ക്.
അപ്പൊഴാണ് കുറെയധികം കഥകൾ കേട്ടത്.
മണ്ണിൽ പുതഞ്ഞുപോയ സഹജീവികളെ രക്ഷിക്കാൻ കോച്ചുന്ന തണുപ്പത്ത്, ചോരയൂറ്റുന്ന അട്ടയുടെ കടിയും മറന്ന് ചെളിയിൽ തിരയുന്ന മനുഷ്യന്മാരുടെ കഥ.
ഒരു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തക തിരിച്ച് പാതിരായ്ക്ക് വീണ്ടും ഒരിക്കൽക്കൂടി ജോലിയെടുക്കാൻ ആശുപത്രിയിലേക്ക് ഓടിയതിൻ്റെ കഥ..
അന്നേരം അവരെ കൊണ്ടുചെന്ന് വിടാൻ പോയ ഭർത്താവ് കണ്ട പാതിരായ്ക്കും രക്തം വേണോ എന്നും എന്ത് സഹായമാണ് വേണ്ടതെന്നും ചോദിച്ച് എത്തുന്ന യുവാക്കളുടെ കഥ.
പാതിരാത്രി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കുകൾക്ക് മുന്നിൽ കണ്ട നീണ്ട ക്യൂ..രക്തം വാങ്ങാനല്ല, നൽകാനാണ്. തിരിച്ച് പോവാൻ നേരം അവർക്ക് ചോദിക്കാനുള്ളത് ഡോക്ടറേ, ഇനി എന്തിനെങ്കിലും നമ്മള് ഇവിടെ നിക്കണോ, കൊറോണ വരാണ്ടിരിക്കാൻ എന്താ ചെയ്യേണ്ടേ എന്നാണ്.
വിദേശത്ത് നിന്ന് വരുന്ന വിമാനം. കണ്ടെയിന്മെൻ്റ് സോൺ..രാത്രിയും പേമാരിയും..പെരുമഴയും കൊറോണയും രാത്രിയും പേടിയും വകവയ്ക്കാതെ ജീവനെ വാരിയെടുക്കാൻ മുന്നിലേക്കിറങ്ങിയ നല്ലവരായ നാട്ടുകാർ.
വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് മറ്റ് എയർപോർട്ടുകളിൽ സഹായവും അവയിലെ യാത്രക്കാർക്ക് സഹായവും അടക്കം വാഗ്ദാനം ചെയ്ത രാഷ്ട്രീയപ്രസ്ഥാനങ്ങൾ.
ഓരോ സന്ദേശവും എത്രയും വേഗം കൈമാറി തങ്ങളാലാവുന്ന വിധം സഹകരിക്കാൻ ശ്രമിച്ച, മുൻപ് പല തവണ ചെയ്ത, ഓരോ കുഞ്ഞ് കണ്ട്രോൾ റൂമുകളായി മാറിയ സാധാരണക്കാർ...
എന്ത് പറഞ്ഞ് തുടങ്ങിയതായിരുന്നു....
ഓ, അതെ..ഈ മനുഷ്യർക്കിടയിൽ ദുരന്തവാർത്തകളിൽ ചിരിക്കുന്ന സ്മൈലി, രക്തം ചോദിച്ചുകൊണ്ട് ഇട്ട പോസ്റ്റിൽ പൊരിച്ച മത്തി വിളമ്പൽ, തൊട്ട് വർഗീയത വരെ ആഘോഷമാക്കുന്ന ആ....
രണ്ട് ദിവസം മുൻപ് ചോദിച്ചത് ഇപ്പൊ ദാ തിരിച്ചങ്ങ് ചോദിക്കുവാ...
" നിന്നെ ഒക്കെ ആര് കൂട്ടുന്നെടാ.. "
പറഞ്ഞാൽ തീർക്കാൻ പറ്റാത്ത കടൽ പോലെ നന്മ ഇങ്ങനെ ചുറ്റും പരന്ന് കിടക്കുമ്പൊ അതിനു വേണ്ടി സമയം പാഴാക്കുന്നതെന്തിന്....
വല്ലപ്പൊഴും ചുറ്റുമൊന്ന് നോക്ക്.. എന്നിട്ടും മനുഷ്യനാവാൻ പറ്റുന്നില്ലെങ്കിൽ അവരോടൊക്കെ ഒന്ന് ചോദിച്ച് പഠിക്ക്.
ഒരിക്കൽക്കൂടി രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയോർക്ക് സ്നേഹാദരങ്ങൾ..