products

മുംബയ്: കൊറോണയുടെ അനന്തരഫലമായി സാമ്പത്തികരംഗത്തുണ്ടായ കൂപ്പുകുത്തൽ സർവമേഖലയെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചില വിഭാഗങ്ങൾക്ക് കൊറോണയുടെ വരവ് 'അനുഗ്രഹം' ആയി എന്നുതന്നെ പറയണം. ഉത്‌പാദനത്തിലും ഉപഭോഗത്തിലും ഇരട്ടിയിലുമധികം വർദ്ധനവാണ് ഇക്കൂട്ടർക്ക് ഉണ്ടായത്. അതേതാണ് ആ ഉൽപന്നങ്ങൾ എന്നാണ് നിങ്ങളുടെ സംശയമെങ്കിൽ? ച്യവനപ്രാശം, തേൻ എന്നിവ തന്നെ എന്ന് ഉത്തരം പറയേണ്ടിവരും.

പ്രതിരോധ ശേഷി ഉയർത്താൻ പ്രാപ്‌തിയുള്ളതുകൊണ്ടാണ് പരമ്പരാഗത ഉത്പന്നങ്ങളായ ഇവയ്‌ക്ക് മിന്നും പ്രകടനം കാഴ്‌ച വയ്‌ക്കാൻ കഴിഞ്ഞത്.

പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാർ വൻതോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇവയുടെ വില്പനയിൽ 700 ശതമാനത്തിലേറെ വർദ്ധനവാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ ഹോൾഡിങ്സിന്റെ പഠനം വ്യക്തമാക്കുന്നു. ഡാബർ, ഹിമാലയ തുടങ്ങിയ ദേശീയ ബ്രാൻഡുകൾക്കു പുറമെ, കേരളത്തിന്റെ സ്വന്തം ആയുർവേദ ശാലകളും ഇവയുടെ വില്പനയിൽ മികച്ച വളർച്ച കൈവരിച്ചു.

മഞ്ഞൾപൊടിയുടെ കൂടെ കലക്കിക്കുടിക്കാനായി തേനും ഇന്ത്യക്കാർ വൻതോതിൽ വാങ്ങി.

ഇനി ഇവയൊക്കെ കൂടാതെ മറ്റുചില ഉൽപ്പന്നങ്ങളും വിൽപന പൊടുപൊടിച്ചു. ബിസ്‌കറ്റ്, ന്യൂഡിൽസ്, സാനിറ്റൈസർ, ഡെറ്റോൾ, മൊബൈൽ, ലാപോടോപ്പ് എന്നിവയുടെ വിൽപന ഉയർന്നത് കമ്പനികൾക്കുണ്ടാക്കിയ ലാഭം ഏറെയാണ്.