കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്ന സ്ഥലം എയർ ഇന്ത്യ ചെയർമാൻ സന്ദർശിച്ച് പരിശോധനകൾ നടത്തി വരികയാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും അദ്ദേഹം നേരിൽ കണ്ടു.
വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. ഡിജിറ്റൽ ഫ്ളൈറ്ര് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തത്.വിമാനം എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതിലെ വിവരങ്ങൾ അന്വേഷണ സംഘത്തെ സഹായിക്കും. അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. ഈ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങൾ അപകട കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകും.
കരിപ്പൂർ വിമാനാപകടം ഡി.ജി.സി.എ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി രാവിലെ പറഞ്ഞിരുന്നു. രണ്ട് ടീമുകൾ കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രിയും നേരിട്ട് കരിപ്പൂരിലെത്തുന്നുണ്ട്. അപകടത്തിന് ശേഷം വിമാനത്തിന് തീപിടിക്കാതിരുന്നത് വലിയ ആശ്വാസകരമാണെന്നും കേന്ദ്രവ്യോമയാന മന്ത്രി വ്യക്തമാക്കി.