സിനിമ വിളിച്ചത് അപ്രതീക്ഷിതമായി. എന്നാൽ തമിഴസിനിമയിലാണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്- ശിവദയുടെ വിശേഷങ്ങൾ
ഇൗ കുട്ടി മലയാളിയല്ലേ ? ഈ ചോദ്യം കുറെയായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്. എന്നാൽ ജനിച്ചതും വളർന്നതും അങ്ങ് തമിഴ്നാടിന്റെ മണ്ണിലാണെന്ന് മാത്രം. അച്ഛന് ചെന്നൈയിലായിരുന്നു ജോലി. അങ്ങനെയാണ് ട്രിച്ചി എന്റെ ജന്മനാടായത്. കേരളത്തിലെവിടാ എന്ന് ചോദിച്ചാൽ...? അങ്കമാലി. അമ്മ വീടാണ് അങ്കമാലിയിൽ. പത്താംക്ലാസിന്ശേഷം ഞാൻ ട്രിച്ചി വിട്ട് ഇങ്ങ് കേരളത്തിലേക്ക് പോ ന്നു. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലായിരുന്നു എന്റെ കോളേജ് ജീവിതം.
ഇനി സിനിമയിലെത്തിയതെങ്ങനെയെന്ന് പറയാം. വളരെ അപ്രതീക്ഷിതമായാണ് സിനിമ എന്നെ വിളിക്കുന്നത്. ബി.ടെക് ചെയ്യുന്ന സമയത്തു ചില ചാനലുകളിൽ ലൈവ് പ്രോഗ്രാമുകൾക്കും മറ്റും ആങ്കറിംഗ് ചെയ്തിരുന്നു. അതൊരു തുടക്കമായിരുന്നെന്ന് പറയാം. അതിനിടയിൽ നടൻ വിനീത് കുമാർ ഒരുക്കിയ മഴ എന്ന ആൽബത്തിൽ അഭിനയിച്ചു. ആ സമയത്തു സിനിമ വിളിച്ചതാണ്. പക്ഷേ അന്ന് പഠിത്തത്തോടായിരുന്നു താത്പര്യം. അതുകൊണ്ട് ആ ഓഫറുകൾ നിരസിച്ചു. കേരള കഫേയിൽ ലാൽ ജോസ് സാർ ഒരുക്കിയ പുറംകാഴ്ചകൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബിഗ് സ്ക്രീനിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ചിത്രം ആകെ പത്തു മിനിട്ടു മാത്രമാണുള്ളത്. അതിൽ ഞാൻ രണ്ടു മിനിട്ടിനകത്താണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂക്കയും ശ്രീനിവാസൻ സാറുമായിരുന്നു അതിൽ. അവരോടൊപ്പം ബസിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥിയായിട്ടായിരുന്നു വേഷം.
പിന്നെ ഫാസിൽ സാറിന്റെ സിനിമയിൽ നായികയായി. ആങ്കറിംഗ് കണ്ടിട്ടാണ് ഫാസിൽസാർ ലിവിംഗ് ടു ഗദറിലേക്കു വിളിക്കുന്നത്. ഫാസിൽ സാറിന്റെ സിനിമ വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമാണെന്നു തോന്നി. അഭിനയിച്ചു നോക്കാം, ശരിയായില്ലെങ്കിൽ വിട്ടേക്കാം എന്നായിരുന്നു ചിന്ത. നായികയാവാൻ നല്ല പേടിയായിരുന്നു. ഡാൻസും ആങ്കറിംഗും പോലെയല്ലല്ലോ സിനിമാഭിനയം. അഭിനയം എനിക്ക് വല്യ പിടിയില്ലായിരുന്നവെന്നതാണ് വാസ്തവം. പക്ഷേ പേടിച്ചതുപോലെ ഒന്നുമുണ്ടായില്ല. ഫാസിൽ സാർ നല്ലതുപോലെ സഹായിച്ചു. അതു കൊണ്ട് നല്ലൊരു തുടക്കം കിട്ടി. ആ സിനിമ വിജയിച്ചില്ലെ ങ്കിലും അത് എനിക്ക് ഒരുപാട് അവസരങ്ങൾ തുറന്നു തന്നു.
ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മലയാളത്തിലും സജീവമായി. ജയസൂര്യയുടെ നായികയായി സു.. സു. സുധി വാത്മീകത്തിൽ അഭിനയിച്ചാണ് തിരിച്ച് വരവ്. മലയാളത്തിലേക്കുള്ള വരവും വിവാഹവും ഒരുമിച്ചായിരുന്നു. വിവാഹം സിനിമയിൽ നിന്ന് വിരമിക്കാനുള്ള ഉടമ്പടിയല്ലല്ലോ. അല്ലെങ്കിലും സർക്കാർ ജീവനക്കാരെപ്പോലെ വിരമിക്കുന്നവരല്ല താരങ്ങൾ. അങ്ങനെയൊരു കാര്യം അവരുടെ കരിയറിൽ ഒരിക്കലുമില്ല. എപ്പോൾ വിരമിക്കണമെന്ന് താരങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരുബ്രേക്ക് ആവശ്യമാണെന്ന് തോന്നിയാൽ മാത്രം എടുക്കുക. അല്ലെങ്കിൽ ഇതേ താളത്തിൽ മുന്നോട്ട്പോകുക. ഞാൻ അങ്ങനെയാണ്.
നമ്മുടെ പല നടിമാരും വിവാഹശേഷം സിനിമയിൽ നിന്ന് പിൻവാങ്ങി. അതിന് പലരും പറയുന്നത് വിവാഹശേഷം തങ്ങൾക്ക് ഒരുബ്രേക്ക്വേണമെന്നാണ്. എന്തിനാണ് അങ്ങനെയൊരു ബ്രേക്ക്. ഞാൻ വിവാഹത്തിനു മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. ഒരു മാറ്റവുമില്ല. നാളെയും അങ്ങനെ തന്നെ ആയിരിക്കും. കല്യാണത്തിനു മുമ്പ് എന്റെ അച്ഛനും അമ്മയുമായിരുന്നു എനിക്ക് സപ്പോർട്ട്. ഇപ്പോൾ അവരുടെ കൂടെ മുരളിയും മുരളിയുടെ അച്ഛനും അമ്മയും ഉണ്ട് . അങ്ങനെ കല്യാണത്തിന് ശേഷം സപ്പോർട്ട് കൂടിയിരിക്കുകയാണ്. ഇന്നുവരെ ഒരു തരത്തിലുള്ള നിബന്ധനയും വീട്ടിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. ഒരാഴ്ചത്തെ ലീവ്പോലും എടുത്തില്ല. അല്ലെങ്കിലും സിനിമയിൽ എവിടുന്ന് ലീവ് കിട്ടാനാ? മധുവിധു ആഘോഷിക്കാൻ പോലും കഴിഞ്ഞില്ല. എനിക്ക് ചെറിയ ടെൻഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. മുരളി എന്തു വിചാരിക്കും? പക്ഷേ വളരെ സന്തോഷത്തോടെ മുരളി എന്നെ യാത്രയാക്കി . വീട്ടുകാരും വളരെ സന്തോഷത്തിലായിരുന്നു.
സത്യത്തിൽ ഞാൻ സിനിമയിലേക്ക് വരാൻ കാരണം മുരളിയാണ്. ഞാനും മുരളിയും സഹപാഠികളായിരുന്നു. നല്ല സുഹൃത്തുക്കളും. സൗഹൃദമാണ് പ്രണയമായി മാറിയത്. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. ചാനലുകളിൽ ആങ്കറായിരിക്കുമ്പോഴും സിനിമയിൽ അഭിനയിക്കണമെന്ന് മുരളി നിർബന്ധിക്കുമായിരുന്നു. സിനിമയിൽ അവസരം കിട്ടിയാൽ തട്ടിക്കളയരുത്.പോയി ചെയ്ത് നോക്കണം. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി എന്നായിരുന്നു മുരളിയുടെ പക്ഷം.തമിഴ് സിനിമകളിലാണ് എനിക്ക് കൂടുതൽ അവസരം കിട്ടിയിട്ടുള്ളത്. ഇപ്പോഴും തമിഴിൽ നിന്ന് ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത് സു.... സു... സുധി വാത്മീകത്തിലാണ്. പിന്നെ ശിക്കാരി ശംഭും. ലക്ഷ്യം, അച്ചായൻസ്, ചാണക്യതന്ത്രം, ലൂസിഫർ എന്നീ ചിത്രങ്ങൾ.