കൊച്ചി: പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ 23.5 ശതമാനം വളർച്ചയോടെ 406.24 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 329.07 കോടി രൂപയായിരുന്നു. മറ്റൊരു പൊതുമേഖലാ ബാങ്കായിരുന്ന സിൻഡിക്കേറ്റ് ബാങ്ക്, ഈവർഷം ഏപ്രിൽ ഒന്നിന് കനറാ ബാങ്കിൽ ലയിച്ചിരുന്നു. അതുകൊണ്ട്, ജൂൺപാദത്തിലെ പ്രവർത്തനഫലം 2019ലെ സമാനപാദവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് കനറാ ബാങ്ക് വ്യക്തമാക്കി.
മൊത്തം വരുമാനം 14,062.39 കോടി രൂപയിൽ നിന്ന് 20,685.91 കോടി രൂപയായി ഉയർന്നു. അതേസമയം, മൊത്തം നിഷ്‌ക്രിയ ആസ്‌തി 8.77 ശതമാനത്തിൽ നിന്ന് 8.84 ശതമാനമായി വളർന്നു. എന്നാൽ, അറ്റ നിഷ്‌ക്രിയ ആസ്‌തി 5.35 ശതമാനത്തിൽ നിന്ന് 3.95 ശതമാനത്തിലേക്ക് താഴ്‌ന്നത് ബാങ്കിന് ആശ്വാസമായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി ജനുവരി-മാർച്ചിൽ 9.39 ശതമാനമായിരുന്നു; അറ്റ നിഷ്‌ക്രിയ ആസ്‌തി 4.34 ശതമാനവും.