ഇസ്ലാമാബാദ്: പുല്ല് തിന്നിട്ടാണെങ്കിലും പാകിസ്ഥാൻ സൈന്യത്തിന്റെ ബജറ്റ് കൂട്ടുമെന്ന് മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ പറഞ്ഞു. അവസരം കിട്ടിയാൽ പാക് സൈന്യത്തിന്റെ ആത്മവീര്യം ഉയർത്തുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
പാകിസ്ഥാൻ സൈനിക തലവനൊപ്പം ഇരുന്ന് നിർണായകമായ തീരുമാനങ്ങളെടുക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ, പുല്ല് തിന്നിട്ടാണെങ്കിലും പാക് സൈന്യത്തിന്റെ ബജറ്റ് കൂട്ടും. പാക് ജനതയ്ക്ക് സായുധ സൈന്യവുമായി പ്രവർത്തിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. നമ്മൾ പരസ്പരം പഴിചാരിക്കൊണ്ടിരുന്നാൽ നഷ്ടം നമുക്കു തന്നെയാണെന്ന് ഓർത്താൽ നന്ന്- അക്തർ പറയുന്നു.
കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നതായും, അതിനുവേണ്ടി 1.75 കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ റദ്ദാക്കിയതായും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കളിക്കളത്തിലും പുറത്തുമുള്ള വിഷയങ്ങളെപ്പറ്റി അക്തർ യൂട്യൂബ് ചാനലിലൂടെ അഭിപ്രായവുമായി രംഗത്തെത്താറുണ്ട്.