തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് തകർന്ന് തരിപ്പണമായ ടൂറിസം മേഖലയിലെ സംരംഭകർക്കും തൊഴിലാളികൾക്കുമായി പ്രഖ്യാപിച്ച 100 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറ്റിവച്ച പദ്ധതിയാണിത്. സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി നേരത്തെ അനുമതി നിഷേധിച്ച ധനവകുപ്പ് ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കൊവിഡ് പടർന്നു പിടിച്ചതും ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ 25,000 കോടിയാണ് നഷ്ടമായത്.
പദ്ധതി ഇങ്ങനെ
മൂന്ന് ശതമാനം പലിശയ്ക്ക് ചെറുകിട- ഇടത്തരം സംരംഭകർക്ക് വായ്‌പ ലഭ്യമാക്കുകയാണ് 100 കോടിയുടെ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരള ബാങ്കിൽ നിന്നും മറ്റു ബാങ്കുകളിൽ നിന്നും ഒമ്പത് ശതമാനം പലിശയ്ക്ക് വായ്‌പ എടുത്തശേഷം ആറ് ശതമാനം പലിശ സർക്കാർ നൽകുന്നതാണ് പദ്ധതി. നിലവിൽ ബാങ്കുകളിൽ നിന്ന് സംരംഭകർ വായ്‌പ എടുക്കുന്നത് 10 ശതമാനത്തിന് മുകളിൽ പലിശയ്ക്കാണ്. ടൂറിസം സംരംഭകർക്ക് 20 ലക്ഷം രൂപയും തൊഴിലാളികൾക്ക് 20,000 രൂപയും വീതം പദ്ധതിയിലൂടെ ലഭിക്കും. കൊവിഡിനെ തുടർന്ന് ടൂറിസം സംരംഭകർക്ക് വായ്‌പ നൽകാൻ ബാങ്കുകൾ വിമുഖത കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജുകൾ പ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെയാണ് ടൂറിസം വകുപ്പ് ഗാരന്റി നിന്നുകൊണ്ടുള്ള വായ്‌പാ പദ്ധതി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നോട്ടുവച്ചത്. ഇതിലൂടെ സർക്കാരിന് ആറ് കോടിയുടെ അധികബാദ്ധ്യത വരും. ടൂറിസം വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നായിരിക്കും ഈ തുക കണ്ടെത്തുക.വായ്‌പ നൽകാൻ തയ്യാറാണെന്ന് കേരളബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 3-5 ശതമാനം ആയിരിക്കും പലിശ. വായ്‌പ തിരിച്ചടയ്ക്കാൻ ആവശ്യമായ സമയവും നൽകും.
തൊഴിൽ നഷ്ടം
കൊവിഡിനെ തുടർന്ന് ടൂറിസം മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയാണ്. ഹൗസ് ബോട്ട് ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് വാഹന ഡ്രൈവർമാർ, ടൂർ ഗൈഡുകൾ എന്നിവരടക്കം പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 15 ലക്ഷം പേരാണ് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ തൊഴിൽ നഷ്ടമായത് എത്രപേർക്കാണെന്ന് തൊഴിൽ വകുപ്പിന്റെ കൈയിൽ കൃത്യമായ കണക്കുകൾ ഒന്നുമില്ല. പലരും ഉപജീവനത്തിനായി മറ്റ് വഴികൾ തേടി.
പ്രതിമാസം 4,000 കോടി
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം ടൂറിസത്തിന്റേതാണ്. പ്രതിമാസം 4,000 കോടിയാണ് ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ശരാശരി വരുമാനം.കൊവിഡിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികൾ എത്താത്തത് വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്.