csk

ന്യൂഡൽഹി: കൊവിഡിനിടയിലും നിയന്ത്രണങ്ങളും കർശന സുരക്ഷയുമോടെ ഐ.പി.എൽ ക്രിക്കറ്റ് നടത്താനുള്ള ബി.സി.സി.ഐയുടെ തീരുമാനം ആരാധകരുടെ പ്രിയ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിന് സമ്മാനിക്കുന്നത് വൻ ആശ്വാസം. കളത്തിന് പുറത്താണ്, ഐ.പി.എൽ ആരംഭിക്കുന്നതിന് മുമ്പുള്ള ഈ നേട്ടക്കൊയ്ത്ത്.

ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌തിട്ടില്ലെങ്കിലും മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി.എസ്.കെ) ഓഹരികൾ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ നേടിയ വിലക്കുതിപ്പ് 50 ശതമാനം. നിലവിൽ ഓഹരിവില 52-55 രൂപയാണ്. ഒരാഴ്‌ചമുമ്പ് വില 35-37 രൂപയായിരുന്നു. ഫ്രാഞ്ചൈസിയുടെ മൊത്തം മൂല്യം കഴിഞ്ഞ ഒന്നരവർഷത്തിനിടെ 400 ശതമാനത്തോളം മുന്നേറി 450 കോടി രൂപയിലുമെത്തി.

2019-20ൽ 50.33 കോടി രൂപയായിരുന്നു സി.എസ്.കെയുടെ ലാഭം. 2018-19ൽ നേടിയ 111.2 കോടി രൂപയേക്കാൾ 54.7 ശതമാനം കുറവാണിത്. വരുമാനം 417.43 കോടി രൂപയിൽ നിന്ന് 14.7 ശതമാനം താഴ്‌ന്ന് 356.53 കോടി രൂപയിലെത്തി. ഇന്ത്യാ സിമന്റ്‌സ് ആണ് സി.എസ്.കെയുടെ പ്രമോട്ടർമാർ. എൽ.ഐ.സിക്ക് 6.04 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ഇന്ത്യാ സിമന്റ്‌സ്.

വലച്ച് വിവോ

'ബോയ്ക്കോട്ട് ചൈന" കാമ്പയിനെ തുടർന്ന് ഐ.പി.എൽ സ്‌പോൺസർഷിപ്പിൽ നിന്ന് ചൈനീസ് സ്‌മാർട്‌ഫോൺ കമ്പനി വിവോ പിന്മാറിയത്, ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഓഹരികളെ ആശങ്കപ്പെടുത്തുന്നുണ്ട്. അഞ്ചുവർഷത്തേക്ക് 2,199 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് കരാറായിരുന്നു വിവോയ്ക്ക് ബി.സി.സി.ഐയുമായി ഉണ്ടായിരുന്നത്.