covid-death

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേർകൂടി മരിച്ചു. ഇതോടെ ഇന്ന് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂർ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയയും പ്രമേഹവും ഉണ്ടായിരുന്ന ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു. വിളയൂർ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എറണാകുളം, മലപ്പുറം,കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് നേരത്തെ മരണപ്പെട്ടത്. കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നേരത്തെ കരൾ, വൃക്ക രോഗങ്ങൾ കൂടിയുണ്ടായിരുന്നുവെന്നാണ് വിവരം.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയും കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കാറാണ് മരിച്ചത്. മാനദണ്ഡ പ്രകാരം ഔദ്യോഗികമായി ഇവയൊക്കെ കൊവിഡ് മരണങ്ങളുടെ ഗണത്തിൽപെടുമോയെന്ന കാര്യത്തിൽ വൈകുന്നേരത്തോടെയെ സർക്കാർ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.