hardeep-singh-puri

കോഴിക്കോട്: കരിപ്പൂർ ദുരന്തത്തിൽ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കിട്ടി. കോക്‌പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകും. ഇത് ഇടക്കാല ആശ്വാസമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 23 പേർ ആശുപത്രി വിട്ടു. രണ്ടാം ലാൻഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. കനത്ത മഴയിൽ റൺവേ കാണാനായില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംഭവം നടന്നയുടൻ സംസാരിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനസർ‌ക്കാരും സംഭവത്തിൽ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൺവേ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഊഹാപോഹങ്ങൾക്കുള്ള സമയമല്ല ഇത്. വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം ഓടിച്ചത്. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തി. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താൻ യാത്ര വൈകിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.