തിരുവനന്തപുരം: ലോക്ക് ഡൗണിൽ അടച്ചിരുപ്പായവർക്ക് പണം കൊയ്യാമെന്ന ഓഫറുമായി ഓൺലൈൻ റമ്മി കളി സജീവമാകുന്നു. വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പിലൂടെ പണം മോഹികൾക്ക് നഷ്ടമാകുന്നത് കോടികളാണ്. പക്ഷേ പലരും പുറത്ത് പറയാറില്ല. ആദ്യം ചെറിയ തുക സമ്മാനം നൽകി കളിയിലേക്ക് ആകർഷിക്കും. കളിയിൽ ആകൃഷ്ടരായി കൂടുതൽ പണമിറക്കും. ഒടുവിൽ കൈയിലുള്ളതെല്ലാം ചീട്ടുകളിക്കാർ കൊണ്ടുപോകും. കബളിപ്പിക്കപ്പെട്ട് കടക്കെണിയിലായവരും ധാരാളം. ഇങ്ങനെ പണം നഷ്ടപ്പെട്ട കോഴിക്കോട്ടെ യുവാവ് വിഷമം മറയ്ക്കാൻ അഭയം തേടിയത് മയക്ക് മരുന്നിലായിരുന്നു. ചോദ്യം ചെയ്ത മാതാപിതാക്കളെ ഇയാൾ ക്രൂരമായി ആക്രമിച്ചു.
തിരുവനന്തപുരം ട്രഷറിയിൽ നിന്ന് കോടികൾ തട്ടിയ ബിജുലാലിനുമുണ്ടായിരുന്നു റമ്മി കളിയുടെ ലഹരി. കൈയിലെ പണം തീർന്നപ്പോഴാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നതിന് വലിയ പരസ്യമാണ് ചൂതാട്ടക്കാർ നൽകുന്നത്.
അഞ്ചിടത്ത് നിരോധനം
50 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് റമ്മിയിലൂടെ ഒഴുകിപ്പോകുന്നത്. ഹൈക്കോടതി നിരോധിച്ചെങ്കിലും കളിയിൽ മാറ്റമുണ്ടാക്കിയ റമ്മി കമ്പനികൾ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടി. അസാം, സിക്കിം, ഒഡിഷ, നാഗാലാൻഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നിയമദേഭഗതിയിലൂടെ ഓൺലൈൻ റമ്മി നിരോധിച്ചു.
തട്ടിപ്പ് പേരുകൾ പലത്
റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, എയ്സ് റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി തുടങ്ങിയ പേരുകളിലാണ് ചീട്ട് കളി. 13 ചീട്ടുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് സെറ്റ് ചീട്ടുകളിൽ രണ്ട് സെറ്റിൽ മൂന്ന് വീതവും, ഒരു സെറ്റിൽ നാല് ചീട്ടുകളും ഒരേ നമ്പരിലോ പുള്ളിയിലോ വന്നാൽ വിജയം. മറുകരയിൽ കളിക്കുന്നവർ വിദഗ്ദ്ധമായി കരുക്കൾ നീക്കിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ പേരിൽ നടത്തിപ്പുകാരാണ് കളിക്കുന്നതെന്നും ആക്ഷേപമുണ്ട്.
റമ്മി ചിത്രം ഇങ്ങനെ
4 കോടിയിലധികം കളിക്കാർ
24 മണിക്കൂറും കളിക്കാം
സഹായത്തിന് കസ്റ്റമർ കെയർ
നേടുന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും
തോറ്റാൽ മറ്റ് അക്കൗണ്ടുകളിലേക്ക് പാേകും