news

1. കരിപ്പൂര്‍ വിമാന അപകടത്തില്‍പെട്ട 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പരിശോധാ ഫലം കാത്തിരിക്കുക ആണെന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കലക്ടര്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18 പേര്‍ മരിക്കുകയും ചെയ്തു. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതായി കലക്ടര്‍ അറിയിച്ചു.

2. കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിര്‍ദ്ദേശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു. കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

3. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവം ആണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു. പേമാരിയെയും കൊവിഡിനെയും അവഗണിച്ച് ആയിരുന്നു കരിപ്പൂരില്‍ പ്രദേശവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശം ആയിരുന്നു അപകടം നടന്ന വിമാന താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. രാത്രിയും മഴയെ വകവയ്ക്കാതെ ആണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്.

4.സംസ്ഥാനത്ത് പലേടത്തും മഴയ്ക്ക് നേരീയ ശമനം ഉണ്ടെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. കനത്ത മഴയില്‍ പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉണ്ട്. കോഴഞ്ചേരി, തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന് പ്രദേശങ്ങളില്‍ വെള്ളം കയറുക ആണ്. ഇവിടെ എല്ലാം ആളുകളെ മാറ്റി പാര്‍പ്പിക്കുന്നു. കോട്ടയത്ത് വീണ്ടും വെള്ളപ്പൊക്ക സാധ്യത എന്ന് മുന്നറിയിപ്പ്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാം പാലം തകര്‍ന്നു

5 കനത്ത മഴയില്‍ പാല നഗരം ഒറ്റപ്പെട്ടു. എല്ലാ റോഡുകളിലും വെള്ളം കയറി. 2018ലെ മഹാ പ്രളയത്തെക്കാളും രൂക്ഷമായ സ്ഥിതി എന്നാണ് നാട്ടുകാരുടെ അഭിപ്രായം. മലയോര മേഖലയില്‍ മഴതുടരുന്നു. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുക ആണ്.

6.ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരണം 18 ആയി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിച്ച തിരച്ചില്‍ ഇന്നും തുടരുന്നു. കൂടുതല്‍ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചില്‍. തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് ആകെ അപകടത്തില്‍ പെട്ടത്. 48 പേരെകൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

7. ഇനി ഇവിടെ നിന്ന് കണ്ടെത്താനുള്ളത് എട്ടു കുട്ടികള്‍ അടക്കം 48 പേരെയാണ്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയില്‍ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്. നാലു ലയങ്ങളിലെ മുപ്പതു മുറികള്‍ക്ക് മുകളില്‍ വീണ മണ്ണും പാറകളും നീക്കം ചെയ്ത് ആളുകളെ കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്‌കരമാകും. ദേശീയ ദുരന്ത നിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. മന്ത്രി എം.എം മണി അപകട സ്ഥലത്ത് എത്തി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ഇന്നെത്തും

8 പെട്ടിമുടിയില്‍ മരിച്ചവരുടെ സംസ്‌കാരം ഇവരുടെ ലയങ്ങള്‍ക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടവും പെട്ടിമുടിയില്‍ തന്നെ നടക്കും. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയില്‍ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തില്‍പ്പെട്ട നിരവധിപ്പേര്‍ പുഴയിലൂടെ ഒഴുകി പോയിരിക്കാം എന്നും രക്ഷാ പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗര്‍വാളിനാണ് ചുമതല.

10.കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണത്തിലുണ്ടായ അവ്യക്തത മാറി. ആകെ 18പേരാണ് കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചത്. 19പേര്‍ മരിച്ച് എന്ന മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് മരണ സംഖ്യയില്‍ ആശയക്കുഴപ്പം ഉണ്ടായത്.വിവിധ ആശുപത്രികളില്‍ ഉള്ള മൃതദേഹങ്ങളുടെ വിവരങ്ങള്‍ വീണ്ടും പരിശോധിച്ചതില്‍ ഒരു മൃതദേഹത്തിന്റെ കാര്യത്തില്‍ സംശയം ഉണ്ടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം ചേലമ്പ്ര സ്വദേശിയായ ബീഗ എന്നയാളുടെ മൃതദേഹം ആണിതെന്ന് തിരിച്ചറിഞ്ഞു. ബീഗ അസുഖം മൂലം മരിച്ചത് ആണന്നും കരിപ്പൂര്‍ ദുരന്തവുമായി ബന്ധമില്ലെന്നും വ്യക്തമായതോടെ ആണ് മരണസംഖ്യ സംബന്ധിച്ച അനിശ്ചിതത്വം ഒഴിവായത്.