ഇടുക്കി: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കൂടുതൽ പേർ ഒലിച്ചു പോയിരിക്കാൻ സാദ്ധ്യതയെന്ന് മന്ത്രി എം.എം മണി. പെട്ടിമുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് മാറി വനത്തിലാണ് ഉരുൾപൊട്ടലുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. മണ്ണിനടിയിൽ കുടുങ്ങിയതിലും കൂടുതൽ പേർ ഒലിച്ചു പോയിരിക്കാമെന്നാണ് നിലവിലെ നിഗമനം. ആറ്റിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ ഇതിനോടം ലഭിച്ചിട്ടുണ്ട്. ഒഴുകി പോയവരെ കണ്ടെത്താനായി മാങ്കുളം മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ മേഖലയിലും മലവെള്ളം ഒഴുകി പോയ പാതയിലും ദേശീയദുരന്തനിവാരണസേന ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. ഉരുൾപൊട്ടി വന്നതിന്റെ ദിശ മാറിയിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്നും മന്ത്രി എം എം മണി മാദ്ധ്യമങ്ങളോട് പറഞ്ഞു.