കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വിവരം. വിമാനത്താവളത്തിലെ പ്രധാന റൺവെയിൽ റബ്ബർ അവശിഷ്ടങ്ങൾ ഉണ്ടെന്നും റൺവേയിൽ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റൺവേയിൽ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു.
സർവീസിന് ശേഷം വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തും വിള്ളലുകൾ കണ്ടെത്തി. കാലാവസ്ഥ സൂചന നൽകുന്ന ഡിജിറ്റൽ ഡിസ്‌പ്ലേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അത്യാഹിത സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ട അഗ്നിശമന വസ്തുക്കൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല തുടങ്ങിയ പ്രശ്നങ്ങളും കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി.സി ശർമ കരിപ്പൂർ വിമാനത്താവള അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന്റെ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടന്നെങ്കിലും ഫലപ്രദമായില്ലെന്നാണ് ഇന്നലത്തെ അപകടത്തിൽ നിന്നു വ്യക്തമാകുന്നത്.
2011 ൽ രാജ്യസഭയിൽ കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥ രേഖാമൂലം അറിയിച്ചിരുന്നു. മംഗളൂരു, ലേ, കുളു, ഷിംല, പോർട്ട് ബ്ലയർ, അഗർത്തല, ജമ്മു, പട്‌ന, ലത്തൂർ എന്നിവയാണ് സുരക്ഷാ ഭീതി നിലനിൽക്കുന്ന മറ്റു വിമാനത്താവളങ്ങൾ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ചില പ്രവർത്തനങ്ങൾ നടന്നെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ച റൺവേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയിയില്ല. റൺവേ വികസനം സംബന്ധിച്ച അനിശ്‌ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്.
വിമാന സർവീസുകളുടെ കാര്യത്തിൽ ക്രിട്ടിക്കൽ വിമാനത്താവളങ്ങൾ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയിരുന്നത്. വിമാനത്താവളത്തിലെ സംവിധാനങ്ങൾ, സൗകര്യങ്ങൾ, നടപടിക്രമങ്ങൾ, ഭൂമിശാസ്‌ത്രം തുടങ്ങിയവ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരുന്നത്. ഫ്ലൈറ്റ് ഓപ്പറേഷൻ ഡയറക്‌ടറേറ്റ്, എയറോഡ്രോം സ്‌റ്റാൻഡേർഡ് ഡയറക്‌ടറേറ്റ് എന്നിവയിൽ നിന്നുള്ള വിദഗ്‌ധരാണു റിപ്പോർട്ട് തയാറാക്കിയ സംഘത്തിൽ ഉണ്ടായിരുന്നത്.
സാധാരണ വിമാനത്താവങ്ങളിൽ നിന്ന് വളരെയേറെ മിനുസമായ റൺവേയാണ് കരിപ്പൂരിലേത്. സാധാരണ കാലാവസ്ഥയിൽ പോലും ലാൻഡിംഗ് അപകടസാദ്ധ്യതയുള്ളതാണ്. മഴക്കാലത്താണെങ്കിൽ തെന്നിമാറി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാകും. ഇത്തരത്തിൽ റൺവേ നിർമ്മിച്ചതിന് എയർപോർട്ട് ഡയറക്ടർക്ക് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് റൺവേ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടസാദ്ധ്യത ഒട്ടും കുറഞ്ഞില്ല. ഇതെല്ലാം ഡി.ജി.സി.എ ഗൗരവമായാണ് കാണുന്നത്. റൺവേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റർ സ്ഥലം നിർബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ്.