kuttanad-flood

ആലപ്പുഴ : അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാടിനെ വെള്ളത്തിലാക്കി. ആലപ്പുഴ - ചങ്ങനാശേരി (എ.സി) റോഡില്‍ വെള്ളം കയറി. എ.സി റോഡില്‍ കിടങ്ങറ, പൂവം, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ്, നെടുമുടി ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതുമൂലം എ.സി റോഡ് വഴിയുള്ള ബസ് സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ നിന്ന് മങ്കൊമ്പ് വരെ മാത്രമേ ബസ് സര്‍വീസ് നടത്തുന്നുള്ളൂ. ഇനിയും മഴ തുടര്‍ന്നാല്‍ എ.സി റോഡ് വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായേക്കും.

kuttanad-flood

കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ ആറുകളില്‍ വെള്ളം ഏറി. കുട്ടനാടിന്റെ പലഭാഗങ്ങളിലും വീടുകള്‍ വെള്ളത്തിലായി. പലരും വീടുകളിൽ നിന്ന് മാറി തുടങ്ങി. കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല താലുക്കുകളിൽ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ അനുമതി ലഭിക്കുന്നത് അനുസരിച്ച് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. വീടുകളില്‍ വെള്ളം കയറിയ കുടുംബങ്ങളെ കുട്ടനാട്ടിലെ തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനിച്ചത്.

kuttanad

കിടങ്ങാറ- മുട്ടാര്‍ റോഡിലും, ചതുര്‍ഥ്യാകരി കണ്ണാടി റോഡിലും വികാസ് മാര്‍ഗ് റോഡിലും കൃഷ്ണപുരം കാവാലം റോഡിലും വെള്ളം ഉയര്‍ന്നത് വാഹനഗതാഗതത്തിന് തടസ്സമായി. കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്ന് പൊങ്ങുന്നത് കണക്കിലെടുത്ത് ആലപ്പുഴ നഗരത്തില്‍ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ നടപടികൾ ആരംഭിച്ചു.